വടകര: ഇൻസ്റ്റാഗ്രാം വഴി സൗഹൃദം നടിച്ച് യുവതിയിൽ നിന്ന് പന്ത്രണ്ട് പവനോളം സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ മലപ്പുറം കോട്ടക്കൽ സ്വദേശി മുഹമ്മദ് ജസീൽ പിടിയിലായി. വടകര വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വടകര പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയയിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, വടകരയിലെ ഒരു ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയാണ് സ്വർണം കൈക്കലാക്കിയത്. ഈ യുവതിയുടെ തന്നെ പരാതിയിൽ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ ബലാത്സംഗക്കേസും നിലവിലുണ്ട്. മുഹമ്മദ് ജസീൽ സമാനമായ രീതിയിൽ നിരവധി സ്ത്രീകളെ ഇൻസ്റ്റാഗ്രാം വഴി കബളിപ്പിച്ചിട്ടുള്ളതായാണ് പോലീസിന് ലഭിക്കുന്ന വിവരം.
പാലക്കാട് ജില്ലയിലെ നാട്ടുകൽ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കവർച്ചാ കേസുകൾ വേറെയുമുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ വഴി അപരിചിതരുമായി ബന്ധം സ്ഥാപിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.
