തുറയൂർ: ‘ഹെൽത്തി കേരള’ ക്യാമ്പയിന്റെ ഭാഗമായി തുറയൂർ ഗ്രാമപഞ്ചായത്തും കുടുംബ ആരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്ത ഇരിങ്ങത്തെ ഒരു ഹോട്ടൽ അധികൃതർ പൂട്ടിച്ചു.
സ്കൂൾ പരിസരങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിറ്റ കടകൾക്കെതിരെയും കർശന നടപടി സ്വീകരിച്ചു. നിയമലംഘനം നടത്തിയ കടകളിൽ നിന്ന് പിഴ ഈടാക്കുകയും 73 പാക്കറ്റ് സിഗരറ്റ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് പൊതുജനമധ്യത്തിൽ വെച്ച് നശിപ്പിക്കുകയും ചെയ്തു. സ്കൂൾ പരിസരങ്ങളിൽ ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
പരിശോധനയ്ക്ക് ഡോക്ടർ സജീവ് പി.ബി, മേലടി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ വിനോദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ. ദിനേശൻ, പി.പി. ദിവ്യ എന്നിവർ നേതൃത്വം നൽകി.
