പാലസ് ബാറിലെ വെള്ളമടിക്കിടെ തർക്കം, യുവാവിനെ സുഹൃത്തുക്കൾ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു

news image
Mar 21, 2026, 8:30 am GMT+0000 payyolionline.in

എഴുപുന്ന:ആലപ്പുഴ എഴുപുന്നയിൽ യുവാവിനെ സുഹൃത്തുക്കൾ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു. കുമ്പളങ്ങി സ്വദേശിയായ മുപ്പതുകാരൻ നിധിൻ കൃഷ്ണൻ ആണ് മരിച്ചത്. മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് സംഭവം. കൊലപാതകത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അരൂർ എഴുപുന്നയിലെ പാലസ് ബാറിൽ കൂട്ടുകാർക്കൊപ്പം മദ്യപിക്കാൻ എത്തിയതാണ് നിധിൻ. കൂട്ടുകാർ മടങ്ങിയ ശേഷവും നിധിൻ ബാറിൽ തുടർന്നു. ഇതിനിടെ വാതിൽ തുറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ബാറിന് അകത്ത് വച്ചുണ്ടായ തർക്കം പുറത്തേക്കും നീണ്ടു. ബൈക്കിൽ മടങ്ങാൻ തുടങ്ങവേ നിധിന് നേരെ വീണ്ടും പ്രതികളുടെ മർദനമുണ്ടായി. പിന്നാലെ ബൈക്കിൽ നിന്ന് വലിച്ചു താഴെ ഇട്ടു.

മർദനമേറ്റ നിധിന്റെ ബോധം നഷ്ടമായി. ഏറെ നേരമായിട്ടും നിധിനെ കാണാതായതോടെ കൂട്ടുകാർ തിരഞ്ഞെത്തി. കണ്ടത് ബോധ രഹിതനായി കിടക്കുന്ന നിധിനെ. പൊലീസിനെ വിവരമറിയിച്ച് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബാറിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലിസ് പ്രതികളെ തിരിച്ചറിഞ്ഞത്. കോടംതുരുത്ത് സ്വദേശി അനിൽ , വട്ടേക്കാട് സ്വദേശി വി എസ് ജിത്തു മോൻ, വൈപ്പിൻ സ്വദേശി ചേരി ജിബിൻ, ജിനു ഷാജി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
പിടിയിലായവർ വിവിധ സ്റ്റേഷനികളിലായി വധശ്രമം, അടിപിടി കേസുകളിൽ പ്രതികളാണ്. കൊല്ലപ്പെട്ട നിധിന്റെ പേരിലും മയക്കുമരുന്നു അടിപിടി കേസുകളുണ്ട്. ഇവർ തമ്മിൽ മുൻ വൈരാഗ്യമുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്. പോസ്റ്റ്‌ മോർട്ടത്തിനു ശേഷമേ നിധിന്റെ മരണ കാരണം വ്യക്തമാകൂ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe