കോഴിക്കോട്: മാങ്കാവിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയനാട് ക്ഷേത്രത്തിന് സമീപം മണാശ്ശേരി താഴം കരിമ്പപറമ്പ് രാധാകൃഷ്ണനെയാണ് (64) സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.
വീട്ടിൽ തനിച്ച് താമസിച്ചിരുന്ന രാധാകൃഷ്ണനെ പുറത്തുകാണാതായതിനെ തുടർന്ന് ബന്ധുക്കളും അയൽവാസികളും തിരച്ചിൽ നടത്തുകയായിരുന്നു. വാർഡ് കൗൺസിലർ സഫ്രീനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് പോലീസിൽ വിവരമറിയിച്ചു.
പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ ആന്റണി ഡിക്രൂസ്, ജീവകാരുണ്യ പ്രവർത്തകരായ മഠത്തിൽ അബ്ദുൽ അസീസ്, സിദ്ദീഖ് എഫ്.എൽ.എസ്, മിർഷാദ് ചെറിയടത്ത്, ഷംസു പുലിക്കടവ്, റിയാസ് മാളിയേക്കൽ, അർഷാദ് പയ്യോളി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം.
