തിരുവനന്തപുരം: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശിനിയും കൊച്ചിയിൽ ഐടി കമ്പനി ജീവനക്കാരിയുമായ ജി എസ് ശരണ്യക്കായി ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ശരണ്യയെ കണ്ടെത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി കത്തയച്ചു.
അതിനിടെ ശരണ്യയുടെ വീട്ടുകാരുമായി സംസാരിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. കർണാടക സർക്കാരുമായും സംസാരിച്ചു. ഡ്രോൺ അടക്കം ഉപയോഗിച്ച് പരിശോധന നടന്നുവരികാണ്. കർണാടക സർക്കാർ നൂറംഗ ടീമിനെ നിയോഗിച്ചിട്ടുണ്ട്. എങ്ങനെയും ശരണ്യയെ കണ്ടെത്താനാണ് ശ്രമമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. നേരത്തേ ശരണ്യയെ കണ്ടെത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് കർണാടക വനംമന്ത്രിയും ആഭ്യന്തരമന്ത്രിയുമായും കെ സി വേണുഗോപാൽ ഫോണിൽ സംസാരിച്ചിരുന്നു.
കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനിറങ്ങിയതായിരുന്നു ശരണ്യ. ഏപ്രിൽ രണ്ടാം തീയതി വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതായത്. വ്യാഴാഴ്ച രാവിലെ വനംവകുപ്പിൽ നിന്ന് അനുമതി വാങ്ങിയ ശേഷമായിരുന്നു ശരണ്യ ഉൾപ്പെട്ട സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാൽ ഇതിനിടെ ശരണ്യയെ കാണാതാകുകയായിരുന്നു. മൂന്ന് ദിവസമായി വ്യാപക പരിശോധന നടത്തിവരികയാണ്. എന്നാൽ ശരണ്യയെ സംബന്ധിച്ച യാതൊരു വിവരവും ലഭിച്ചിട്ടില്ല.
സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ശരണ്യ. ട്രക്കിങ്ങിനായായിരുന്നു ശരണ്യ കുടകിൽ എത്തിയത്. കുടകിലെ ഒരു ഹോം സ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. ഒറ്റയ്ക്ക് ട്രക്കിങ്ങ് നടത്തായിരുന്നു ശരണ്യക്ക് താത്പര്യം. ഇക്കാര്യം ഹോം സ്റ്റേ അധികൃതരോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന് അനുമതിയില്ലാത്തതിനാൽ ഹോം സ്റ്റേയിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്കൊപ്പം ചേരുകയായിരുന്നു. ശരണ്യയ്ക്കൊപ്പം ഒൻപത് പേരായിരുന്നു യാത്ര പുറപ്പെട്ടത്.
