തൃശ്ശൂർ: മണലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഫിറോസ്. സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു ആരോപണം.
ബിജെപിയുമായി പ്രതാപൻ നടത്തിയ നാടകമാണ് കിറ്റ് വിവാദമെന്നായിരുന്നു ഫിറോസിന്റെ ആരോപണം. വാടാനപ്പള്ളിയിലെ കിറ്റ് വിവാദം പ്രതാപനും ബിജെപിയും ചേർന്നുള്ള ഒത്തുകളിയാണ്. ടി എൻ പ്രതാപനും ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി ഗോപാലകൃഷ്ണനും തമ്മിലാണ് ഡീൽ. മണലൂരിൽ ബിജെപി സഹായിച്ചാൽ ഗുരുവായൂരിൽ തിരിച്ചു സഹായിക്കും എന്നാണ് ഡീലെന്നും ഫിറോസ് ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പ്രതാപൻ ബിജെപിയുമായി കോടികളുടെ ഡീലുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. എട്ടുകോടി രൂപ വാങ്ങി ബിജെപിക്ക് വോട്ടുമറിച്ചെന്നും പ്രതാപൻ രാവിലെ കോൺഗ്രസും വൈകിട്ട് ബിജെപിയുമാണെന്നും ഫിറോസ് പറഞ്ഞു. സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ കൃത്യമായ ഇടപെടലും ഗൂഢാലോചനയുമൊക്കെ കോൺഗ്രസ് പ്രവർത്തകരുടെ കൈവശം രേഖകളായിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.
‘ബിജെപി കിറ്റ് വിതരണം ചെയ്തല്ലോ. അവിടേക്ക് ടി എൻ പ്രതാപൻ ഓടിയെത്തുന്നു. പൊലീസുമായി കയർക്കുന്നു. ബിജെപിക്കെതിരെ വലിയ പ്രക്ഷോഭത്തിന് കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നു. നിങ്ങൾ ഇന്നലെയാണ് അത് അറിഞ്ഞത്. പക്ഷേ ഞങ്ങൾ മൂന്നുദിവസം മുൻപേ അത് അറിഞ്ഞു. ബിജെപിയുടെ പ്രധാനപ്പെട്ട ഒരു നേതാവുമായി പ്ലാൻ ചെയ്ത് നടപ്പാക്കിയതാണ് ഈ കിറ്റ് വിതരണം. കാരണം അവിടെ മുസ്ലിം സമുദായം 20 ശതമാനമാണ്. ക്രൈസ്തവ സമുദായം 20 ശതമാനമാണ്. ഈ മുസ്ലിം-ക്രൈസ്തവ വോട്ടാണ് പ്രതാപന്റെ ഉന്നം’, ഫിറോസ് പറഞ്ഞു.
