തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന പൗരാണിക ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം രാജകുടുംബാംഗങ്ങളിലേക്കും ജീവനക്കാരിലേക്കും നീളുന്നു. കൊട്ടാരത്തിനകത്തുനിന്നുള്ള ആരുടെയെങ്കിലും സഹായം ലഭിക്കാതെ ഇത്തരമൊരു മോഷണം നടക്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ കണ്ടോൺമെന്റ് എസിക്കാണ് അന്വേഷണച്ചുമതല.
രണ്ട് കോടിയോളം രൂപ മൂല്യം വരുന്ന വജ്രാഭരണങ്ങളും പുരാതന സ്വർണ്ണശേഖരവുമാണ് നഷ്ടപ്പെട്ടത്. കൊട്ടാരത്തിലെ അംഗങ്ങൾ, ജീവനക്കാർ, സ്ഥിരമായി എത്തുന്ന അതിഥികൾ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മോഷണം നടന്നതെന്ന് കരുതപ്പെടുന്ന കാലയളവിൽ കൊട്ടാരത്തിൽ സന്ദർശനം നടത്തിയ യൂട്യൂബർമാരടക്കമുള്ളവരുടെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയുടെ രണ്ടാം നിലയിലെ കിടപ്പുമുറിയിലുള്ള ഇരുമ്പ് അലമാരയുടെ ലോക്കറിൽ നിന്നാണ് ആഭരണങ്ങൾ കവർന്നത്. സിസിടിവി ക്യാമറകളും സുരക്ഷാ ജീവനക്കാരുമുള്ള അതീവ സുരക്ഷാ മേഖലയിൽ പുറത്തുനിന്നുള്ള ഒരാൾക്ക് മോഷണം നടത്തുക പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ നവംബറിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്ന് ഗൗരി ലക്ഷ്മിബായി പോലീസിന് മൊഴി നൽകി. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് സമ്മാനിച്ച അമൂല്യമായ ആഭരണങ്ങളും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു. കൊട്ടാരത്തിൽ വിശദമായ പരിശോധന നടത്തിയിട്ടും ആഭരണങ്ങൾ കണ്ടെത്താനാകാതെ വന്നതോടെയാണ് ഡിജിപിക്ക് പരാതി നൽകിയത്. മോഷണത്തിന് പിന്നാലെ, കൊട്ടാരത്തിൽ അവശേഷിച്ച മറ്റ് ആഭരണങ്ങൾ പോലീസിന്റെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. നാല് കുടുംബങ്ങളും നാല്പതിലധികം ജീവനക്കാരുമാണ് നിലവിൽ കൊട്ടാരത്തിലുള്ളത്. ഇവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്.
