മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പരസ്യ ഭീഷണി; സോഷ്യൽ മീഡിയ പോസ്റ്റുമായി കെ.എസ്.യു നേതാവ്

news image
Apr 13, 2026, 8:38 am GMT+0000 payyolionline.in

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ പരസ്യ ഭീഷണിയുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ. നവകേരള സദസ്സിനിടെ കെ.എസ്.യു പ്രവർത്തകരുടെ തല അടിച്ചുപൊട്ടിച്ചതിന് കണക്കുതീർക്കുമെന്ന് അരുൺ രാജേന്ദ്രൻ സാമൂഹിക മാധ്യമത്തിലൂടെ ഭീഷണി മുഴക്കി. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പോസ്റ്റ്.

“സാറേ സുഖമാണല്ലോ അല്ലേ, സുഖിക്കാൻ പോകുന്നതേയുള്ളൂ! 22 ദിവസം കൂടി കഴിഞ്ഞോട്ടെ, ഞങ്ങൾ സുഖിപ്പിക്കുന്നുണ്ട് സാറന്മാരെ” എന്ന് തുടങ്ങുന്ന കുറിപ്പിൽ പോലീസുകാർ തൊഴിലുറപ്പ് കാർഡ് എടുത്തുവെച്ചോ എന്നും പരിഹാസമുണ്ട്. തങ്ങളുടെ കണക്കുപുസ്തകത്തിൽ രക്തം കൊണ്ട് എഴുതിയിട്ടിരിക്കുന്ന കണക്കുകൾ തീർക്കാനുണ്ടെന്നും കുറിപ്പിൽ പറയുന്നു. ആലപ്പുഴയിലെ നവകേരള യാത്രയ്ക്കിടെ കെ.എസ്.യു നേതാക്കളെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച സംഭവത്തെ മുൻനിർത്തിയാണ് ഈ പരാമർശം.

കോൺഗ്രസ് അനുകൂല സൈബർ ഗ്രൂപ്പുകളിലും ഇതേ ഉദ്യോഗസ്ഥന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രതിഷേധ ആഹ്വാനങ്ങൾ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സാഹചര്യം മാറുമെന്ന സൂചനയോടെയാണ് ’22 ദിവസം’ എന്ന കാലാവധി നേതാവ് പരാമർശിച്ചിരിക്കുന്നത്. പോലീസുകാരനെതിരെ പരസ്യമായി ഭീഷണി മുഴക്കിയ സംഭവത്തിൽ അധികൃതർ നിലപാട് വ്യക്തമാക്കിയിട്ടില്ല. കോടതിയിൽ നിന്നോ പോലീസിൽ നിന്നോ ഈ വിഷയത്തിൽ തുടർനടപടികൾ ഉണ്ടായേക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe