പയ്യോളി: തിക്കോടി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ കാരേക്കാട്, ആവിക്കൽ ബ്രാഞ്ചുകൾ സംയുക്തമായി സ്ഥാപിച്ച മുതിർന്ന നേതാവ് കെ.എം. കോമത്തിന്റെ സ്മാരക സ്തൂപം സാമൂഹ്യവിരുദ്ധർ തകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. സ്മാരകത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉയർന്നു.
സ്തൂപം തകർത്തതിൽ പ്രതിഷേധിച്ച് കാരേക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സ്തൂപം തകർത്ത പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സി.പി.ഐ.എം പോലീസിനോട് ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗം തിക്കോടി ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ ഉദ്ഘാടനം ചെയ്തു. ബാബു നല്ലോളി അധ്യക്ഷത വഹിച്ചു. ആർ. വിശ്വൻ, കെ. ബാലകൃഷ്ണൻ, എൻ.കെ. റഹീസ്, പി.കെ. ശശികുമാർ, ഗിരീഷ് ചെത്തിൽ, എം.കെ. സിനിജ എന്നിവർ സംസാരിച്ചു. കെ.വി. രാജീവൻ സ്വാഗതം പറഞ്ഞു.
