കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ മേയറുടെ മിന്നൽപ്പരിശോധന; യാത്രക്കാർക്ക് കുടിവെള്ളവും ശുചിത്വവും ഉറപ്പാക്കും

news image
Apr 28, 2026, 5:52 am GMT+0000 payyolionline.in

കോഴിക്കോട്: നഗരത്തിലെ തിരക്കേറിയ പുതിയ ബസ് സ്റ്റാൻഡിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി മേയർ ഡോ. ബീന ഫിലിപ്പിന്റെ നേതൃത്വത്തിൽ മിന്നൽപ്പരിശോധന നടത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് മേയറും സംഘവും സ്റ്റാൻഡിലെത്തിയത്. കൊടുംവേനലിൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കിയ മേയർ, കുടിവെള്ള സൗകര്യവും ശുചിത്വവും ഉറപ്പാക്കാൻ കർശന നിർദ്ദേശങ്ങൾ നൽകി.

​ബസ് സ്റ്റാൻഡിലെ നടപ്പാതകൾ കൈയേറി കച്ചവടക്കാർ സാധനങ്ങൾ വെച്ചിരിക്കുന്നത് പരിശോധിച്ച മേയർ, ഇത്തരം കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. ആദ്യഘട്ടത്തിൽ വാക്കാൽ മുന്നറിയിപ്പ് നൽകുമെന്നും അതിനുശേഷവും മാറ്റാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചുമട്ടുതൊഴിലാളികളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങളും സംഘം ചോദിച്ചറിഞ്ഞു.

​യാത്രക്കാർക്കായി കൂടുതൽ ഇരിപ്പിടങ്ങൾ സജ്ജമാക്കാനും സ്റ്റാൻഡിലെ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാൻ കൂടുതൽ ശുചീകരണത്തൊഴിലാളികളെ നിയമിക്കാനും തീരുമാനമായി. ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്കായി വരും ദിവസങ്ങളിൽ കൂടുതൽ ഇരിപ്പിട സൗകര്യം ഒരുക്കും. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ തുടക്കമാണ് ഈ പരിശോധനയെന്ന് മേയർ കൂട്ടിച്ചേർത്തു.

​ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ, സ്ഥിരംസമിതി അധ്യക്ഷരായ വി.പി. മനോജ്, സുജാത കൂടത്തിങ്കൽ, പി.സി. രാജൻ, ജോയിന്റ് കോർപ്പറേഷൻ സെക്രട്ടറി പി. സോമശേഖരൻ, ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്‌മാൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പുതിയ ബസ് സ്റ്റാൻഡിലെ ദുരവസ്ഥ സംബന്ധിച്ച് കഴിഞ്ഞ ദിവസം മാതൃഭൂമി വാർത്ത നൽകിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe