കോഴിക്കോട്: മുസ്ലിം ലീഗ് വനിതാ വിദ്യാർഥി വിഭാഗമായ ഹരിതയുമായി ബന്ധപ്പെട്ട പഴയ വിവാദം എംഎസ്എഫിൽ വീണ്ടും സജീവമാകുന്നു. പാർട്ടിയിലേക്ക് മടങ്ങിയെത്താൻ ഫാത്തിമ തഹിലിയക്ക് സാധിച്ചത് പി.കെ. നവാസ് വിട്ടുവീഴ്ച കാണിച്ചതുകൊണ്ടാണെന്ന ആരോപണവുമായി എംഎസ്എഫ് നേതാക്കൾ രംഗത്തെത്തി.
ഫാത്തിമ തഹിലിയ നുണ പ്രചരിപ്പിക്കുകയാണെന്ന് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അമീൻ റാഷിദ് ആരോപിച്ചു. ‘മാപ്പ് പറഞ്ഞാണ്’ ഹരിത നേതാക്കൾ പാർട്ടിയിലേക്ക് തിരിച്ചെത്തിയതെന്നും, പി.കെ. നവാസ് അന്ന് വേട്ടയാടപ്പെടുകയായിരുന്നുവെന്നും അമീൻ റാഷിദ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. പി.കെ. നവാസിനെതിരായ ഗൂഢാലോചനയാണ് ഹരിത വിവാദമെന്ന് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം പി. മുസ്തഫയും ആരോപിച്ചു.
അടുത്തിടെ ഹരിത നേതാക്കളായ ഫാത്തിമ തഹിലിയയും മുഫീദ തെസ്നിയും നടത്തിയ പരാമർശങ്ങളാണ് വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പഴയ ഹരിത വിവാദം ശരിയായിരുന്നു എന്ന തരത്തിൽ ഇവർ നടത്തിയ പ്രതികരണങ്ങൾക്കെതിരെയാണ് ഇപ്പോൾ എംഎസ്എഫ് നേതാക്കൾ ഒന്നടങ്കം രംഗത്തെത്തിയിരിക്കുന്നത്. പി.കെ. നവാസ് മത്സരിച്ച താനൂർ മണ്ഡലത്തിൽ പോലും ഈ വിവാദങ്ങൾ ചർച്ചയാക്കാൻ ശ്രമം നടന്നതായി എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.എ. വഹാബും നേരത്തെ ആരോപിച്ചിരുന്നു.
പാർട്ടിക്ക് അകത്ത് സമാധാനം നിലനിൽക്കുമ്പോഴും പഴയ വിവാദങ്ങൾ കുത്തിപ്പൊക്കി വീണ്ടും കുഴപ്പങ്ങൾ സൃഷ്ടിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നാണ് മറുപക്ഷത്തിന്റെ വാദം. വിഷയത്തിൽ മുതിർന്ന നേതാക്കളുടെ ഇടപെടൽ ഉണ്ടാകുമോ എന്നാണ് അണികൾ ഉറ്റുനോക്കുന്നത്.
