മുഖ്യമന്ത്രിയുടെ കാര്യം ഹൈക്കമാൻഡ് രണ്ട് ദിവസത്തിൽ തീരുമാനിക്കും; സർക്കാർ രൂപീകരണ ചർച്ച ഉടൻ ഉണ്ടാകും; വി ഡി സതീശൻ

news image
May 4, 2026, 1:46 pm GMT+0000 payyolionline.in

നമ്മുടെ രാജ്യം മുഴുവൻ ഉറ്റുനോക്കിയ ഈ തിരഞ്ഞെടുപ്പിൽ, വർഗീയതയ്ക്ക് മുന്നിൽ കീഴടങ്ങാത്ത ശക്തമായ മതേതര നിലപാടാണ് കേരളം സ്വീകരിച്ചതെന്ന് വി ഡി സതീശൻ പറഞ്ഞു. കാലങ്ങളായി സിപിഐഎമ്മിന് വോട്ട് ചെയ്തിരുന്നവരും ഇടതുപക്ഷ സഹയാത്രികരും ഇത്തവണ യുഡിഎഫിനെ സഹായിച്ചുവെന്നത് വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ്. ഇതിന്റെ ഫലമായാണ് സിപിഎമ്മിന്റെ ഉരുക്കുകോട്ടകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലങ്ങൾ പോലും ഇത്തവണ തകർന്നു വീണതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് പുറത്തുള്ളവർ പോലും മാറ്റത്തിനായി ആഗ്രഹിച്ചതാണ് ഈ അട്ടിമറി വിജയത്തിന് കരുത്തായത്.

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട യുഡിഎഫ് ചർച്ചകൾ ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കാര്യം ഹൈക്കമാൻഡ് ആണ് തീരുമാനിക്കുന്നത്. സീറ്റ് വിഭജനത്തിൽ ഒരു അപസ്വരം പോലും ഉണ്ടായില്ല. മൂന്ന് സീറ്റ് ഘടക കക്ഷികൾ കോൺഗ്രസിന് അധികം തന്നു. നന്നായി പ്രവർത്തിച്ചു. മുഖ്യമന്ത്രി ചർച്ചയിലേക്ക് പോകരുത് എന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്. തീരുമാനം വളരെ പെട്ടന്നുണ്ടാകും – അദ്ദേഹം പറഞ്ഞു.

നുണേശൻ വിളികളിലും അദ്ദേഹം പ്രതികരിച്ചു. ജനങ്ങൾക്ക് നമ്മളെ അറിയാം. നുണ പറഞ്ഞത് ആരാണെന്ന് അറിയാം. ഒരു ഡസൻ നുണകൾ ഇടത് കേന്ദ്രം പറഞ്ഞു. വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ശ്രമങ്ങൾ നടത്തി. എന്റെ പിആർ മുഴുവൻ ഏറ്റെടുത്തത് എകെജി സെന്ററിൽ നിന്നാണ്. ഒരാളെ ടാർജറ്റ് ചെയ്യുന്നത് ജനങ്ങൾ കാണുന്നുണ്ടല്ലോ. എനിക്ക് സന്തോഷമായിരുന്നു – അദ്ദേഹം പറഞ്ഞു.

അധികാരത്തിൽ എത്തുമ്പോൾ തങ്ങൾ ഒന്നും മറന്നിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങൾ ഏറ്റുവാങ്ങിയ മർദ്ദനങ്ങൾ,
അവർ ഒഴുക്കിയ ചോര, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവർത്തനം. ഇത് ഒന്നും അങ്ങനെ മറക്കാൻ കഴിയില്ല. ഒന്നും മറന്നിട്ടില്ല, എല്ലാം നല്ല ഓർമ്മയുണ്ട് – അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe