ഇന്ധന വില വര്‍ധന: കേന്ദ്ര നടപടി ജനങ്ങളോടുള്ള ദ്രോഹം; തീരുമാനം അടിയന്തരമായി പിന്‍വലിക്കണം: പിണറായി വിജയന്‍

news image
May 15, 2026, 8:00 am GMT+0000 payyolionline.in

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിനെതിരെ നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേല്‍ വീണ്ടും അധികഭാരം അടിച്ചേല്‍പ്പിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

‘അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് നല്‍കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍, ഇപ്പോള്‍ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വര്‍ദ്ധിപ്പിച്ചത്. തെറ്റായ നയങ്ങള്‍ മൂലം ഉണ്ടായ പാചകവാതക ക്ഷാമവും വന്‍ വിലവര്‍ധനവും ഇതിനകം ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ട സര്‍ക്കാര്‍, വീണ്ടും വിലവര്‍ധനയുടെ ഭാരം അടിച്ചേല്‍പ്പിക്കുകയാണ്’, പിണറായി വിജയന്‍ കുറിച്ചു.

 

ശരിയായ ഭരണനയങ്ങളിലൂടെയും ഫലപ്രദമായ ഇടപെടലുകളിലൂടെയും ജനങ്ങളെ സഹായിക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള നടപടികള്‍ ഒരുവിധ ന്യായീകരണവും അര്‍ഹിക്കുന്നില്ല. ഇന്ധനവില വര്‍ധന നിത്യോപയോഗ സാധനങ്ങളുടെ വിലയും ഗതാഗതച്ചെലവും വീണ്ടും കുതിച്ചുയരാന്‍ ഇടയാക്കും. ഇതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുക തൊഴിലാളികളും കര്‍ഷകരും ഇടത്തരം കുടുംബങ്ങളുമാകും. ജനങ്ങളെ കൊള്ളയടിച്ച് കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്ന അന്യായ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

 

രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ആഗോളതലത്തില്‍ ഇന്ധന വില വര്‍ധിച്ചതോടെയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ നിലവില്‍ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമായി.

 

പെട്രോളിന് കൊല്‍ക്കത്തയില്‍ 108.74 രൂപയും മുംബൈയില്‍ 103.67 രൂപയുമായി. ഡീസലിന് കൊല്‍ക്കത്തയില്‍ 95.13 രൂപയും മുംബൈയില്‍ 93.14 രൂപയും ചെന്നൈയില്‍ 95.25 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 110.76 രൂപയും ഡീസലിന് 99.64 രൂപയുമായി. കോഴിക്കോട് നഗര പ്രദേശങ്ങളില്‍ പെട്രോളിന് 109.07 രൂപയും ഡീസലിന് 97.96 രൂപയും കോഴിക്കോട് ഗ്രാമീണ മേഖലയില്‍ പെട്രോളിന് 109.37 രൂപയും ഡീസലിന് 98.23 രൂപയുമാണ് വില.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe