എളാട്ടേരി: അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ചു വരുന്ന ‘വർണ്ണക്കൂടാരം’ വായനാക്കളരിയുടെ രണ്ടാം ദിവസം ‘സർഗ്ഗസായാഹ്നം’ ശില്പശാല നടത്തി. രണ്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെ തൊട്ടുണർത്തുന്നതായിരുന്നു ശില്പശാല. കുട്ടികളുടെ ഭാവനയിൽ വിരിഞ്ഞ പുതുമയാർന്ന കഥകളും കവിതകളും കൊണ്ട് സദസ്സ് ധന്യമായി.
കളിയും കാര്യവും സമന്വയിപ്പിച്ചുകൊണ്ടുള്ള ലളിതമായ സെഷനുകളിലൂടെ ദിലീപ് അണേലയാണ് കുട്ടികൾക്ക് ഭാവനയുടെ ചിറക് നൽകി സർഗ്ഗസൃഷ്ടിക്ക് കളമൊരുക്കിയത്. ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് എൻ.എം. നാരായണൻ, സെക്രട്ടറി ഇ. നാരായണൻ, കെ. റീന, കെ. ജയന്തി, കെ.കെ. രാജൻ, ടി.എം. ഷീജ, എൻ. ശ്രീധരൻ എന്നിവർ സംസാരിച്ചു.
