കൊയിലാണ്ടി: ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവർ നേരിടുന്ന അതിക്രമങ്ങളെയും ലഹരി മാഫിയയുടെ കടന്നുകയറ്റങ്ങളെയും രൂക്ഷമായി വിമർശിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ‘ഗുൽമോഹർ 2026’ വേദിയിൽ അരങ്ങേറിയ ഓട്ടൻതുള്ളൽ ശ്രദ്ധേയമായി. പൊതുവേ പുരുഷാധിപത്യം പുലർത്തുന്ന തുള്ളൽ വേദിയിൽ, സ്ത്രീശബ്ദത്തിന്റെ കരുത്തുറ്റ സാന്നിധ്യമായി മാറിയ ഈ അവതരണം കലാപ്രേമികൾക്ക് പുതുമയാർന്ന അനുഭവമായി.
രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ ലഹരിയുടെ മറവിൽ നടക്കുന്ന അതിക്രമങ്ങളുടെ നേർക്കാഴ്ചയാണ് കാവ്യാത്മകമായ ആവിഷ്കാരത്തിലൂടെ വേദിയിൽ എത്തിയത്. “സമൂഹമേ… ഞങ്ങൾക്കൊപ്പം നിൽക്കണം” എന്ന ശക്തമായ സന്ദേശമാണ് ഈ കലാസൃഷ്ടി മുന്നോട്ടുവെച്ചത്. അവതാരകയായ ഷിജിന നാഗരാജ് തന്റെ തീക്ഷ്ണമായ ഭാവാഭിനയം കൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും പ്രേക്ഷകമനസ്സ് കീഴടക്കി.
കാലിക യാഥാർത്ഥ്യങ്ങളെ കോർത്തിണക്കി പി. സാജിത താമരശ്ശേരിയാണ് വരികൾ രചിച്ചത്. പാലക്കാട് പ്രേംരാജും ശിവഗംഗ നാഗരാജും ചേർന്ന് ഇതിന് ഈണവും താളവും ഒരുക്കി. രശ്മി പി.എസ് കൊണ്ടംവള്ളി, ഷൈമ ചീക്കിലോട് എന്നിവരുടെ പിൻപാട്ട് അവതരണത്തിന് കൂടുതൽ മികവേകി. ചിരിയും ചിന്തയും ഒപ്പം സമൂഹത്തിനുള്ള ശക്തമായ ഓർമ്മപ്പെടുത്തലുമായി മാറിയ ഈ ഓട്ടൻതുള്ളൽ സദസ്സിന്റെ വലിയ പ്രശംസ പിടിച്ചുപറ്റി.
