പാലക്കാട്: അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു. നേരത്തെ രണ്ട് പ്രതികളെ വെറുതെവിട്ട മണ്ണാർക്കാട് കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ഡിവിഷന് ബെഞ്ചിന്റതാണ് ഉത്തരവ്.
ഹുസൈന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിക്കുകയും മറ്റ് പ്രതികളുടെ അപ്പീല്‍ തള്ളുകയുമായിരുന്നു. കിളിയില്‍ മരക്കാര്‍, പുതുവാച്ചോല ഷംസുദ്ദീന്, താഴുശ്ശേരി രാധാകൃഷ്ണന്, പുതുച്ചോല അബൂബക്കര്‍, കുരുക്കല്‍ വീട്ടില്‍ സിദ്ദീഖ്, നജീബ്, ജെയ്ജുമോന്‍, സജീവ്, മുരുക്കട സതീശ്, പെരുവില്‍ വീട്ടില്‍ ബിജു, മുനീര്‍ തുടങ്ങിയ പ്രതികളുടെ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.
അതേസമയം നാലാം പ്രതി അനീഷിനെയും 11ാം പ്രതി അബ്ദുല്‍ കരീമിനെയും വെറുതെ വിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് വന്ന് മധുവിനെ മുക്കാലി ടൗണില്‍ നിര്‍ത്തിയ സമയത്ത് അവസാന സമയത്ത് ചവിട്ടിയത് ഹുസൈനാണെന്നും ആ ചവിട്ടില്‍ തെറിച്ചുവീണാണ് മധു മരിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ആള്‍ക്കൂട്ടത്തിനിടയിലാണ് താന്‍ ഉണ്ടായതെന്നും ഹുസൈന് വാദിക്കുകയായിരുന്നു. ഹുസൈന് ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു. മധുവിന്റെ അമ്മയും സഹോദരിയും നല്കിയ അപ്പീലും കോടതി ഇന്ന് പരിഗണിക്കും. ശിക്ഷാ വിധി ഇന്ന് 12.30നായിരിക്കും.
2018 ഫെബ്രുവരി 22നാണ് കേസിന് ആസ്പദമായ സംഭവം. മാനസികാസ്വാസ്ഥം ഉണ്ടായിരുന്ന ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി 13 പ്രതികള്‍ക്ക് 7 വര്‍ഷത്തെ കഠിനതടവും പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.
