കൊല്ലം: കൊല്ലം അഞ്ചലിൽ സിവിൽ പൊലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ച സംഭവത്തിൽ പിടിയിലായത് രണ്ട് യുവതികൾ. ശൂരനാട് സ്വദേശിനി ആരതി, സുഹൃത്ത് ഇടുക്കി സ്വദേശിനി ഗായത്രി എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്ത് എൻട്രൻസ് കോച്ചിങ് ചെയ്യുന്നവരാണ് ഇരുവരും. ആരതിയുടെയും പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ വിവേകിന്റെയും വിവാഹം ഉറപ്പിച്ചിരുന്നതാണ്. പിന്നീട് വിവാഹം മുടങ്ങി. ഇതിലുളള വൈരാഗ്യത്തിലാണ് ആരതി വിവേകിന്റെ ബൈക്ക് കത്തിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതികൾ പിടിയിലായത്. കസ്റ്റഡിയിലിരിക്കെ ആരതി വിഷം കഴിച്ചു. ഇവർ പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആറന്മുള സ്റ്റേഷനിലെ സിപിഒ വിവേകിന്റെ ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയത്. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് കത്തിയത്. രാഷ്ട്രീയപരമായ അക്രമമാണ് എന്ന് വരുത്തിതീർക്കാനാണ് പ്രതികൾ ശ്രമിച്ചത്. പുനലൂർ കോളേജിലെ കെഎസ്‌യു പ്രവർത്തകരെ മൂന്നുവർഷം മുൻപ് വിവേക് ഉൾപ്പെടെയുളള പൊലീസുകാർ ലാത്തി ചാർജിൽ മർദിച്ചിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് ബൈക്ക് കത്തിച്ചതെന്ന് വ്യക്തമാക്കുന്ന തരത്തിൽ ഒരു കത്ത് ബൈക്കിന് സമീപത്തുനിന്നും ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ കെഎസ് യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
അതിനിടെയാണ് സമീപവാസിയായ ഒരാൾ പ്രദേശത്ത് പുലർച്ചെ അപരിചിതരായ സ്ത്രീകളെ കണ്ടതായി പറയുന്നത്. തുടർന്ന് ഇവർ കയറിപ്പോയ ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തുകയും ഓട്ടോക്കൂലി നൽകിയ ഗൂഗിൾ പേ നമ്പർ കണ്ടെത്തുകയും ചെയ്തു. അങ്ങനെയാണ് പ്രതികളിലേക്ക് എത്തിയത്. ആരതിയും വിവേകും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞതായിരുന്നു. എന്നാൽ ഇരുവരും തമ്മിൽ ഒത്തുപോകാനാകില്ലെന്ന സാഹചര്യത്തിൽ വിവാഹത്തിൽ നിന്ന് വിവേക് പിന്മാറുകയും നഷ്ടപരിഹാരമുൾപ്പെടെ കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാഹത്തിൽ നിന്ന് പിന്മാറിയ വിവേകിനോടുളള പക ബൈക്ക് കത്തിക്കുന്നതിലേക്ക് എത്തിക്കുകയായിരുന്നു.
