20 വർഷത്തെ ജയിൽവാസത്തിന് അന്ത്യം; അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി, കരിപ്പൂരിൽ ആവേശോജ്ജ്വല സ്വീകരണം

news image
May 28, 2026, 3:37 am GMT+0000 payyolionline.in

കോഴിക്കോട്: ലോകമെമ്പാടുമുള്ള മലയാളികൾ നെഞ്ചോടുചേർത്ത് പ്രാർത്ഥിച്ചും കൈകോർത്തും ജാമ്യമൊരുക്കിയ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം ഒടുവിൽ ജന്മനാട്ടിൽ തിരിച്ചെത്തി. സൗദി അറേബ്യയിലെ രണ്ട് പതിറ്റാണ്ടുകാലത്തെ ജയിൽവാസത്തിന് ശേഷമാണ് റഹീം സ്വന്തം മണ്ണിൽ കാലുകുത്തിയത്. ഇന്ന് രാവിലെ 7.35-ഓടെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ റഹീമിനെ സ്വീകരിക്കാൻ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ വൻ ജനസഞ്ചയമാണ് തടിച്ചുകൂടിയിരുന്നത്. വലിയ പെരുന്നാൾ ദിനത്തിൽ തന്നെ റഹീം വീട്ടിലെത്തിയത് കുടുംബത്തിന്റെ സന്തോഷം ഇരട്ടിയാക്കി.

കഴിഞ്ഞ ദിവസമാണ് റഹീമിന്റെ മോചന ഉത്തരവിലും രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികളിലും സൗദി അധികൃതർ ഒപ്പുവെച്ചത്. ഇതോടെയാണ് പെരുന്നാൾ ദിനത്തിൽ തന്നെ നാട്ടിലേക്ക് മടങ്ങാൻ റഹീമിന് വഴിതുറന്നത്. സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് 2006 മുതൽ റഹീം ജയിലിലായിരുന്നു.

ദിയാധനത്തിലൂടെ ഒഴിവായ വധശിക്ഷ; ഒടുവിൽ മോചനം
2006 ഡിസംബർ 24-നാണ് സൗദി ബാലനായ അനസ് അൽ ശഹ്രി കൊല്ലപ്പെട്ട കേസിൽ റഹീം ജയിലിലാകുന്നത്. തുടർന്ന് 2012-ൽ സൗദി കോടതി റഹീമിന് വധശിക്ഷ വിധിച്ചു. എന്നാൽ, പിന്നീട് ലോകമലയാളികൾ ഒന്നടങ്കം കൈകോർത്ത് 1.5 കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനമായി (ബ്ലഡ് മണി) സമാഹരിച്ച് നൽകിയതോടെയാണ് കോടതി വധശിക്ഷ റദ്ദാക്കിയത്. വധശിക്ഷ ഒഴിവായെങ്കിലും മറ്റ് വകുപ്പുകളിലായി ലഭിച്ച 20 വർഷത്തെ തടവ് ശിക്ഷ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഇതേത്തുടർന്നാണ് റഹീമിന് പൂർണ്ണ മോചനം സാധ്യമായത്.

അന്ന് സംഭവിച്ചത്:
കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസ് എന്ന ബാലനെ പരിചരിക്കുന്ന ജോലിയായിരുന്നു റഹീമിന്. കുട്ടിക്ക് ഭക്ഷണം ഉൾപ്പെടെ നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. ഒരിക്കൽ ഷോപ്പിങ്ങിനായി പുറത്തുപോയപ്പോൾ ട്രാഫിക് സിഗ്നൽ ലംഘിച്ച് വാഹനം മുന്നോട്ട് എടുക്കാൻ ആവശ്യപ്പെട്ട് അനസ് റഹീമുമായി വഴക്കിടുകയും റഹീമിന്റെ മുഖത്ത് പലതവണ തുപ്പുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ റഹീമിന്റെ കൈ അബദ്ധത്തിൽ കുട്ടിയുടെ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയായിരുന്നു. ഉപകരണം വിട്ടുപോയതോടെ ബോധരഹിതനായ ബാലൻ മരണപ്പെടുകയായിരുന്നു. തുടർന്ന് കൊലക്കുറ്റം ചുമത്തി സൗദി പോലീസ് റഹീമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നീണ്ട 20 വർഷത്തെ അനിശ്ചിതത്വങ്ങൾക്കും കണ്ണീരിനും ഒടുവിൽ റഹീം ഫറോക്കിലെ സ്വന്തം വീട്ടിലേക്ക് എത്തുമ്പോൾ ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയാണ് സാഫല്യമടയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe