വിലപിടിപ്പുള്ളതൊന്നും നഷ്ടമായിട്ടില്ല’; അമൂല്യവസ്തുക്കൾ നഷ്ടമായെന്ന പൊലീസ് റിപ്പോർട്ട് തള്ളി പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി

news image
May 29, 2026, 11:18 am GMT+0000 payyolionline.in

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടമായെന്ന പൊലീസ് റിപ്പോർട്ട് തള്ളി ഭരണസമിതി. വിലപിടിപ്പുള്ളതൊന്നും നഷ്ടമായിട്ടില്ലെന്നും നേരിട്ട് പരിശോധിച്ചെന്നും ഭരണസമിതി വ്യക്തമാക്കി. പൊലീസ് റിപ്പോർട്ടിനെതിരെ സർക്കാരിന് കത്ത് നൽകും. അമൂല്യവസ്തുക്കൾ മോഷണം പോയ സംഭവത്തിൽ ദുരൂഹത തുടരുന്നതിനിടെയാണ് ക്ഷേത്ര ഭരണസമിതി അടിയന്തര യോഗം ചേർന്നത്. സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് പൊലീസ് റിപ്പോർട്ടിന് പിന്നാലെയാണ് യോഗം ചേർന്നത്. കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ഇതിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കള്ളൻ കപ്പലിൽ തന്നെയാണോ എന്ന് അന്വേഷിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ശബരിമലയ്ക്ക് പിന്നാലെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളുടെ മോഷണം ഏറെ ചർച്ചയാവുകയാണ്. കോടികൾ വിലമതിക്കുന്ന അമൂല്യമായ വസ്തുക്കളാണ് കാണാതായിരിക്കുന്നത്. സ്വർണ വിളക്ക് അറ്റകുറ്റ പണികൾക്കായി മാറ്റിയെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. പകരം ഔദ്യോഗിക രേഖകളില്ലാതെ വെള്ളി വിളക്ക് സ്ഥാപിച്ചു. കൂടാതെ, ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വൈരനമ എന്ന ആഭരണം ആറ് മാസമായി കാണാനില്ലെന്നാണ് റിപ്പോർട്ടിൽ വിശദീകരിക്കുന്നത്.

എന്നാൽ, ക്ഷേത്രത്തിൽ മോഷണം ഉണ്ടായിട്ടില്ലെന്നായിരുന്നു ക്ഷേത്ര ഭരണ സമിതിയുടെ ആദ്യ പ്രതികരണം. ഇതിനു പിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും, ദേവസ്വം മന്ത്രി കെ മുരളീധരനും ഭരണാസമിതിയോട് വിവരങ്ങൾ തേടിയിരുന്നു. തുടർന്നാണ് ഇന്ന് ഭരണാസമിതിയുടെ അടിയന്തര യോഗം ചേർന്നത്.

ക്ഷേത്രത്തിലെ നിലവറയ്ക്ക് പുറത്തുള്ള സ്വർണവും വെള്ളിയും സ്‌ട്രോങ് റൂമിലേക്ക് എത്രയും വേഗം മാറ്റണമെന്നും ഡിജിപി നിർദേശിച്ചിരുന്നു, ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു ഇന്നത്തെ യോഗം. കൂടാതെ, വിശ്വാസികൾ സംഭാവനായായി നൽകുന്ന മുഴുവൻ വസ്തുക്കളും ലോക്കറിലേക്ക് മാറ്റി പൊലീസ് കാവൽ ഏർപ്പെടുത്തണമെന്നും സൂക്ഷ്മ പരിശോധന കൂടാതെ ഒരാളെ പോലും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കരുതെന്നും ഡിജിപി നിർദേശം നൽകി.

ക്ഷേത്രത്തിലെ ചില ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും രാജകുടുംബവുമായി അടുപ്പമുള്ളവരും സുരക്ഷാ പരിശോധനകൾ ഒഴിവാക്കി മറ്റൊരു പ്രവേശന കവാടമായ ചെമ്പകത്തുമൂടിലൂടെയാണ് ക്ഷേത്രത്തിലേക്ക് കടക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ആദിത്യവർമയുമായി ബന്ധമുള്ള ചില വ്യക്തികൾ സുരക്ഷാ ക്രമീകരണം മറികടന്ന് ക്ഷേത്രത്തിൽ കയറുന്നത്. സ്ഥിരമായി ചെമ്പകത്തുമൂട് പ്രവേശന കവാടത്തിലൂടെ കടക്കുന്നവരുടെ പേരുകളടക്കം റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe