ആർത്തവ അവധി: ‘സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് വ്യാഖ്യാനിക്കേണ്ടതില്ല’; ഫാത്തിമ തഹിലിയ

news image
May 31, 2026, 1:36 pm GMT+0000 payyolionline.in

കോഴിക്കോട്: ആർത്തവ അവധി നൽകാനുള്ള സർക്കാരിൻ്റെ നിലപാട് ഉചിതമെന്ന് ഫാത്തിമ തഹിലിയ എംഎൽഎ. പല രാജ്യങ്ങളിലും സമാനമായ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നും ഫാത്തിമ തഹിലിയ ചൂണ്ടിക്കാണിച്ചു. പല വിദ്യാർത്ഥിനികളും സമ്മർദ്ദവും മൂഡ്സിങ്സ് അടക്കമുള്ള ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. അത്തരം കുട്ടികളെ ചേർത്തുപിടിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഫാത്തിമ തഹിലിയ ചൂണ്ടിക്കാണിച്ചു. അവധി നിർബന്ധിതമല്ലെന്നും ആൺകുട്ടികളെയും ബോധവൽക്കരിക്കേണ്ടതുണ്ടെന്നും ഫാത്തിമ തഹിലിയ പറഞ്ഞു.

 

നേരത്തെ ആർത്തവ അവധി നൽകുന്നതിൽ വിയോജിപ്പുമായി കോൺഗ്രസ് എംഎൽഎ ഉമാ തോമസും മുസ്ലിം ലീഗിൻ്റെ മുതിർന്ന നേതാവ് നൂർബിന റഷീദും രംഗത്ത് വന്നിരുന്നു. ആർത്തവം സ്ത്രീകൾക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അത് മാറ്റിനിർത്തേണ്ട ഒന്നല്ലെന്നും ഉമാ തോമസ് പറഞ്ഞു. ആർത്തവ അവധി നൽകുമ്പോൾ കൗമാരക്കാർക്കിടയിൽ വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപിക്കപ്പെടാനും സാധ്യതയുണ്ടെന്നും കുട്ടികളെ മാറ്റി നിർത്തുന്നതിന് പകരം അവർക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് ചെയ്യേണ്ടതെന്നുമായിരുന്നു ഉമ തോമസിൻ്റെ പ്രതികരണം.

വിദ്യാർഥിനികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തിനെതിരെ ലീഗ് നേതാവ് അഡ്വ. നൂർബിന റഷീദ് രംഗത്തെത്തിയിരുന്നു. ആർത്തവ അവധി പ്രഖ്യാപിക്കുന്നത് പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാമെന്നാണ് നൂർബിന പറഞ്ഞത്. സ്‌കൂളുകളിലും കോളേജുകളിലും ആർത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോൾ ആർത്തവ ദിവസങ്ങൾ പരസ്യമാകാൻ സാധ്യതയുണ്ട്. പെൺകുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങൾ നടപ്പാക്കാവൂ എന്നാണ് നൂർബിന റഷീദ് പറഞ്ഞത്.

വിദ്യാർത്ഥികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം ആർത്തവ അവധി നൽകുന്നതിൽ സ്ത്രീ സമൂഹത്തിൽ നിന്ന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കുമെന്ന് ഇതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കിയിരുന്നു. പൊതു നിർദേശമായി ഉയർന്നുവന്ന വിഷയം സർക്കാർ പരിഗണിച്ചു എന്ന് മാത്രമേയുളളുവെന്ന് ഷംസുദ്ദീൻ പറഞ്ഞു. ആർത്തവ സമയത്ത് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർത്ഥിനികളും സ്ത്രീകളുമുണ്ടെന്നും അവരെ ക്ലാസുകളിൽ പങ്കെടുപ്പിക്കാൻ നിർബന്ധിക്കരുതെന്നും മന്ത്രി പറഞ്ഞു. അവരെ പരിഗണിച്ചാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ആർത്തവ അവധി സംബന്ധിച്ച് യുഡിഎഫിനകത്ത് അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe