ആലപ്പുഴ: മുഖ്യമന്ത്രി വി ഡി സതീശൻ-തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ചയിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ആർ അനൂപ്. സീനിയർ വെള്ളാപ്പള്ളി ആയാലും ജൂനിയർ വെള്ളാപ്പള്ളി ആയാലും ചർച്ചയ്ക്ക് ഇരുത്തി ‘ലെജിറ്റിമസി’ ഉണ്ടാക്കിക്കൊടുക്കുന്നത് അധികാരത്തിൽ ഇരിക്കുന്ന ആരുടെ ഭാഗത്തുനിന്നായാലും അംഗീകരിക്കാൻ കഴിയില്ലെന്ന് അനൂപ് പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളിയെ സമുദായിക നേതാവായി കാണാൻ കഴിയില്ല. തുഷാർ സാമ്പത്തിക കുറ്റവാളിയാണ്. അത്തരം ആളുകളെ ചേർത്തുനിർത്തുന്നത് തെറ്റായ സന്ദേശം നൽകും. എൻഡിഎയുടെ ഘടകകക്ഷി നേതാവ് കൂടിയാണ് തുഷാർ. പത്ത് വർഷം സ്വീകരിച്ച സമീപനം ഭരണം കിട്ടുമ്പോൾ മാറുന്നത് ശരിയല്ല. തങ്ങളെപ്പോലുള്ളവർ വെള്ളാപ്പള്ളിമാരുടെ വിദ്വേഷ പ്രസ്താവനകൾക്ക് എതിരെ നടത്തിയ പോരാട്ടത്തിന്റെ ഫലം കൂടിയാണ് ഇന്നത്തെ ഈ അധികാരം എന്ന് ബന്ധപ്പെട്ടവരെ ഓർമിക്കുന്നുവെന്നും അനൂപ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അനൂപിന്റെ പ്രതികരണം. വി ഡി സതീശന്റെ ജന്മദിനമായ ഞായറാഴ്ചയായിരുന്നു തുഷാർ വെള്ളാപ്പള്ളി അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയത്. സൗഹൃദത്തിന്റെ ഭാഗമായാണ് സതീശനെ കണ്ടതെന്നും വ്യക്തിപരമായ സന്ദർശനമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
