തിരുവനന്തപുരം: സ്കൂളുകളിൽ മൂന്ന് ദിവസത്തെ ആർത്തവ അവധി പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന്റെ നടപടിയിൽ പ്രതികരിച്ച് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആർത്തവ അവധിയെ കുറിച്ച് എൽഡിഎഫ് സർക്കാർ ചർച്ച ചെയ്തതായിരുന്നുവെന്ന് വി ശിവൻകുട്ടി പറഞ്ഞു. പ്രഖ്യാപനം കൊണ്ടുമാത്രം പരിഹാരം കാണാൻ കഴിയുന്ന വിഷയമല്ല ഇതെന്നും വി ശിവൻകുട്ടി പറഞ്ഞു.
‘പ്രായോഗികമായി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളുണ്ട്. വിഷയം സംബന്ധിച്ച് പഠിക്കുന്നതിന് വേണ്ടി എസ്സിഇആർടിയെ ചുമതലപ്പെടുത്തുകയായിരുന്നു ഞങ്ങൾ ചെയ്തത്. പ്രഖ്യാപനം മോശമല്ല, പഠിച്ചിട്ട് മാത്രം പ്രഖ്യാപിച്ചാൽ മതിയായിരുന്നു’, വി ശിവൻകുട്ടി പറഞ്ഞു.
വി ഡി സതീശൻ സർക്കാരിന്റെ ഒന്നാം നയപ്രഖ്യാപനത്തിലായിരുന്നു ആർത്തവ അവധി പ്രഖ്യാപിച്ചത്. നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. തുടർന്ന് ആർത്തവ അവധി നൽകുന്നതിൽ സ്ത്രീ സമൂഹത്തിൽ നിന്ന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പ്രതികരിച്ചത്.
പൊതു നിർദേശമായി ഉയർന്നുവന്ന വിഷയം സർക്കാർ പരിഗണിച്ചു എന്ന് മാത്രമേയുളളുവെന്ന് ഷംസുദ്ദീൻ പറഞ്ഞു. ആർത്തവ സമയത്ത് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർത്ഥിനികളും സ്ത്രീകളുമുണ്ടെന്നും അവരെ ക്ലാസുകളിൽ പങ്കെടുപ്പിക്കാൻ നിർബന്ധിക്കരുതെന്നും മന്ത്രി പറഞ്ഞു. അവരെ പരിഗണിച്ചാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ആർത്തവ അവധി സംബന്ധിച്ച് യുഡിഎഫിനകത്ത് അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി.
