സ്‌കൂൾ കെട്ടിടം തകർന്നുവീണ സംഭവം; ഫിറ്റ്‌നസ് നൽകിയിട്ടില്ലെന്ന് മേയ‍‍ർ, കോർപ്പറേഷന്റെ വീഴ്ചയെന്ന് ശിവൻകുട്ടി

news image
Jun 2, 2026, 4:46 am GMT+0000 payyolionline.in

തിരുവനന്തപുരം: അട്ടക്കുളങ്ങര സർക്കാർ സെൻട്രൽ സ്‌കൂൾ കെട്ടിടം തകർന്ന് വീണ സംഭവത്തിൽ ഫിറ്റ്‌നസിനെ ചൊല്ലി രാഷ്ട്രീയ തർക്കം. കോർപ്പറേഷൻ ഫിറ്റ്‌നസ് നൽകിയിട്ടില്ലെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് തിരുവനന്തപുരം മേയർ വി വി രാജേഷ് പറഞ്ഞത്. കോർപ്പറേഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടെന്നാണ് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറയുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ നിർദ്ദേശിച്ചു. കോടികൾ മുടക്കി നവീകരിച്ച കെട്ടിടമാണ് പൊളിഞ്ഞുവീണത്.

സർവ ശിക്ഷാ അഭിയാന്റെ ഓഫീസ് കെട്ടിടത്തിന്റെ മുറിയുടെ മേൽക്കൂരയാണ് ഇന്നലെ തകർന്നു വീണത്. ജീവനക്കാരും വിദ്യാർത്ഥികളും ഇറങ്ങിയശേഷമാണ് അപകടമുണ്ടായതെന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഓടിട്ട കെട്ടിടമാണ് തകർന്നുവീണത്. ഫയർഫോഴ്സ് അടക്കം സംഭവസ്ഥലത്തെത്തിയിരുന്നു. തകർന്നുവീണ കെട്ടിടം ഉൾപ്പെടെ 2020-ൽ 1.75 കോടി രൂപയ്ക്ക് നവീകരിച്ചിരുന്നു. കാലപ്പഴക്കം ചെന്ന പട്ടികയും കഴുക്കോലും മാറ്റാതെയാണ് മോടി കൂട്ടിയത്.

അതേസമയം, എറണാകുളം വെണ്ണല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴ് പ്രധാന കെട്ടിടങ്ങളിലൊന്ന് തകർന്നുവീഴാറായ അവസ്ഥയിലാണ്. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്‌കൂളിലാണ് ഈ ദുരവസ്ഥ. പലതവണ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നാണ് ആരോപണം. മുമ്പ് കുട്ടികൾ പ്രവേശിക്കാതിരിക്കാൻ കെട്ടിടത്തിൽ കയർ കെട്ടിയിരുന്നു. ഈ കെട്ടിടം പൊളിച്ച് കളയണമെന്ന് പലതവണ രക്ഷിതാക്കളടക്കം ആവശ്യപ്പെട്ടതാണ്. എത്രയും പെട്ടെന്ന് അധികൃതർ നടപടിയെടുക്കണമെന്നാണ് ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe