ഹരിപ്പാട് പ്രസവശേഷം വലിച്ചെറിഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന് പത്തൊൻപതുകാരിയായ അമ്മ; സാങ്കേതിക തടസമെന്ന് സിഡബ്ല്യുസി

news image
Jun 2, 2026, 12:40 pm GMT+0000 payyolionline.in

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ പത്തൊൻപതുകാരിയായ അമ്മയ്ക്ക് മനംമാറ്റം. കുഞ്ഞിനെ തനിക്ക് തിരികെ വേണമെന്ന് പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) അധികൃതരോട് ആവശ്യപ്പെട്ടു. സിഡബ്ല്യുസി അധികൃതർ കുഞ്ഞിനെ ഏറ്റെടുക്കാനായി ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ വിട്ടുതരണമെന്ന് യുവതി ആവശ്യപ്പെട്ടത്. പ്രസവിച്ച ആദ്യ ദിനങ്ങളിൽ കുഞ്ഞിനെ വേണ്ട എന്ന നിലപാടിലായിരുന്നു ഇവർ.

കൊല്ലാൻ ശ്രമിച്ച അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ വിടുന്നതിൽ സാങ്കേതിക തടസങ്ങളുണ്ടെന്നും തുടർന്ന് കുട്ടിയെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ മണ്ണഞ്ചേരി ശിശുവികാസം ഭവനിലേക്ക് താൽക്കാലിക സംരക്ഷണത്തിനായി മാറ്റിയെന്നും CWC പറഞ്ഞു. ആദ്യ ദിവസങ്ങളിൽ ചൈൽഡ് ലൈൻ കൗൺസിലർമാരോട് പെൺകുട്ടി ഒട്ടും സഹകരിച്ചിരുന്നില്ല. എന്നാൽ തുടർച്ചയായ കൗൺസലിംഗിന് ഒടുവിൽ കാര്യങ്ങൾ വിശദമായി സംസാരിക്കുകയും കുഞ്ഞിനെ തിരികെ വേണമെന്ന നിലപാടിലേക്ക് എത്തുകയുമായിരുന്നു.

താൻ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് പെൺകുട്ടി നേരത്തെ ഡിഡബ്ല്യുസിയ്ക്ക് നൽകി മൊഴി. ഇവർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുകയാണ്. അവിടെവെച്ച് പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നു. എന്നാൽ അടുത്ത കാലത്തായി അയാളുമായി ബന്ധമില്ല. താൻ ഗർഭിണിയായതും പ്രസവിച്ചതുമൊന്നും അയാൾ അറിഞ്ഞിട്ടുണ്ടാകില്ല എന്നാണ് യുവതി പറയുന്നത്. അധികൃതർ സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം യുവതി പറഞ്ഞത്.
മെയ് 25-നാണ് വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പത്തൊൻപതുകാരി ആശുപത്രിയിൽ പ്രസവിച്ചത്. ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ജനൽവഴി പുറത്തേക്കിടുകയായിരുന്നു. കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ശൗചാലയത്തിന് പിന്നിലായി നവജാതശിശുവിനെ കണ്ടെത്തിയത്. കുഞ്ഞിന് അടിയന്തര ചികിത്സ നൽകിയതിന് ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൂ‍ർണ വളർച്ചയെത്തിയ പെൺക്കുഞ്ഞാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe