തങ്കമല ക്വാറി പ്രദേശം അഡ്വ. ഫാത്തിമ തെഹ്‌ലിയ എം.എൽ.എ. സന്ദർശിച്ചു; രേഖകൾ ഹാജരാക്കാൻ പഞ്ചായത്തിന് നിർദ്ദേശം

news image
Jun 9, 2026, 11:34 am GMT+0000 payyolionline.in

തുറയൂർ: ക്വാറി പ്രവർത്തനം മൂലം ജനജീവിതം ദുസ്സഹമായ തങ്കമല പ്രദേശത്ത് ആശങ്കയിലായ നാട്ടുകാർക്ക് ആശ്വാസമേകി കൊയിലാണ്ടി എം.എൽ.എ. അഡ്വ. ഫാത്തിമ തെഹ്‌ലിയയും സംഘവും സന്ദർശനം നടത്തി. യു.ഡി.എഫ്. പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് എം.എൽ.എ. പ്രദേശത്തെത്തിയത്. ക്വാറി പ്രവർത്തനം നടക്കുന്ന മേഖലകൾ പൂർണ്ണമായി ചുറ്റിസഞ്ചരിച്ച് വിലയിരുത്തിയ എം.എൽ.എ., സ്ഫോടനം മൂലം കേടുപാടുകൾ സംഭവിച്ച സമീപത്തെ വീടുകളും സന്ദർശിച്ചു.

ഭീഷണിയുയർത്തുന്ന ഘോരശബ്ദം, വീടുകൾക്ക് സംഭവിക്കുന്ന വിള്ളലുകൾ, കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, കിണറുകളിൽ രാസവിഷം കലർന്ന വെള്ളം തുടങ്ങി ഗുരുതരമായ പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങളാണ് പ്രദേശവാസികൾ നേരിടുന്നത്.

ക്വാറിയുടെ ലൈസൻസ്, അനുബന്ധ രേഖകൾ, വിവരാവകാശ രേഖകൾ എന്നിവ ഉൾപ്പെടുത്തിയുള്ള കൃത്യമായ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ തുറയൂർ പഞ്ചായത്ത് അധികൃതർക്ക് എം.എൽ.എ. നിർദ്ദേശം നൽകി. ഇതിനുപുറമെ, അടിയന്തരമായി ആക്ഷൻ കൗൺസിൽ യോഗം ചേരാനും, നാശനഷ്ടങ്ങളുടെ ചിത്രങ്ങളും കിണറുകളിലെ ജലപരിശോധനാ റിപ്പോർട്ടും ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കാനും നാട്ടുകാരോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ആവശ്യമായ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും എം.എൽ.എ. ഉറപ്പുനൽകി.

തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ, വൈസ് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിജിഷ, നസീമ തേനങ്കാലിൽ, വാർഡ് മെമ്പർമാരായ ജിഷ, നൗഷാദ് മാസ്റ്റർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, വില്ലേജ് അധികാരികൾ, മറ്റ് ഉദ്യോഗസ്ഥർ, ആക്ഷൻ കമ്മിറ്റി കൺവീനർ മൊയ്തീൻ നടക്കൽ എന്നിവരും പ്രദേശവാസികളും എം.എൽ.എ.യോടൊപ്പം ഉണ്ടായിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe