മേപ്പയ്യൂർ: ദീർഘകാലത്തെ വനസേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന വനപാലകന് പ്രകൃതിസൗഹൃദവും മാതൃകാപരവുമായ യാത്രയയപ്പ് നൽകി സഹപ്രവർത്തകർ. 26 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന തൃശ്ശൂർ ഒളകര ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറും മേപ്പയൂർ കൂനംവള്ളി കാവ് സ്വദേശിയുമായ സി.കെ. രാജേന്ദ്രനാണ് കാടിനെ ഹരിതാഭമാക്കുന്ന സന്ദേശവുമായി വ്യത്യസ്തമായ യാത്രയയപ്പ് ഒരുക്കിയത്.
പതിവ് ചടങ്ങുകളിൽ നിന്ന് വേറിട്ട് ആഞ്ഞിലി, പ്ലാവ്, മാവ് തുടങ്ങിയ നാടൻ വൃക്ഷങ്ങളുടെ വിത്തുകൾ ജൈവവളക്കൂട്ടുകളും മണ്ണും ചേർത്ത് പ്രത്യേക രീതിയിൽ വിത്തുണ്ടകളാക്കി മാറ്റി. തുടർന്ന് സി.കെ. രാജേന്ദ്രനും കുടുംബാംഗങ്ങളും സഹപ്രവർത്തകരും ചേർന്ന് ഈ വിത്തുണ്ടകൾ വനപ്രദേശത്തേക്ക് എറിഞ്ഞാണ് ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞത്. വരും നാളുകളിൽ ഇവ മുളച്ച് പുതിയ വൃക്ഷങ്ങളായി വളരുമെന്ന പ്രതീക്ഷയിലാണ് ഈ ഹരിതതുടക്കം. വനസംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച രാജേന്ദ്രൻ വിരമിക്കൽ വേളയിലും പരിസ്ഥിതി സന്ദേശം ഉയർത്തിപ്പിടിച്ചത് ചടങ്ങിനെ ഏറെ ശ്രദ്ധേയമാക്കി.
യാത്രയയപ്പ് ചടങ്ങ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഭദ്രൻ ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പ്രതീഷ്, ലിന്റോ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഹക്കീം, ശ്രീജിത്ത്, സുമേഷ്, ഹരികൃഷ്ണൻ, സന്ദീപ്, സുജിത്ത്, രതീഷ്, വാച്ചർമാരായ സന്തോഷ്, രജനി, മണി, രതീഷ്, വിജയൻ എന്നിവരും കുടുംബാംഗങ്ങളായ ബിനിഷ ടി.ടി., വടയക്കണ്ടി നാരായണി, ബാബു കൂത്താളി, ബിജു മൂഴിക്കൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
