കോഴിക്കോട് : ചില സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കി ദേശീയപാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും ഒരാഴ്ചയ്ക്കകം നിയന്ത്രണം നടപ്പാക്കാൻ സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ധാരണ. സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ, എസിപിമാരും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും നിലവിൽ ദേശീയപാതയിൽ നിയന്ത്രണമേർപ്പെടുത്തിത്തുടങ്ങിയിട്ടില്ലെന്നും ബോധവൽക്കരണത്തിനു ശേഷമേ നടപടിയുണ്ടാകൂ എന്നും ട്രാഫിക് പൊലീസ് അറിയിച്ചു.
ഒരാഴ്ചയ്ക്കകം പരീക്ഷണാടിസ്ഥാനത്തിലാണു പരിഷ്കാരങ്ങൾ നടപ്പാക്കുക. ബൈക്കുകളുടെയും ഓട്ടോറിക്ഷകളുടെയും ആധിക്യം പാതയിൽ പ്രശ്നങ്ങളുണ്ടാക്കുന്ന വിഷയം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരാണ് ഉന്നയിച്ചത്. ഹൈലൈറ്റ് മാളിന്റെ സമീപത്തും ഒളവണ്ണ ടോൾ പ്ലാസയിലും സ്ഥിരമായി ഗതാഗതക്കുരുക്കുണ്ടാകുന്നതും അവർ ഉന്നയിച്ചു. സർവീസ് റോഡില്ലാത്ത ഭാഗങ്ങളിലും പുഴയ്ക്കു കുറുകെയുള്ള പാലങ്ങളുടെയും ഭാഗത്തു മാത്രമാണു നിലവിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും യാത്രാനുമതിയുള്ളത്.
വെങ്ങളം –രാമനാട്ടുകര പാതയിൽ കോരപ്പുഴ, അറപ്പുഴ, പുറക്കാട്ടിരിപ്പുഴ, മാമ്പുഴ എന്നീ പുഴകൾക്കു കുറുകെ, സർവീസ് റോഡിനു വേണ്ട പാലങ്ങളില്ല. ഹൈലൈറ്റ് മാളിനു സമീപത്തു സർവീസ് റോഡ് പൂർത്തിയായിട്ടില്ല. 2–3 മാസമെടുക്കും പണി തീരാൻ. ദേശീയപാതയിലും സർവീസ് റോഡുകളിലും അനധികൃത പാർക്കിങ് ആണു മറ്റൊരു പ്രധാന പ്രശ്നം.
