കോഴിക്കോട്: കേരളത്തിൽ ബീഫ് വിപണി പ്രതിസന്ധിയിൽ. തമിഴ്‌നാട്ടിലെ കന്നുകാലിക്ഷാമമാണ് കേരളത്തിനും തിരിച്ചടിയായത്. ഗോസംരക്ഷണത്തിന്റെ പേരിൽ ആന്ധ്രപ്രദേശിലും കർണാടകയിലും കന്നുകാലികളെ തടയുന്നതാണ് ക്ഷാമത്തിന് കാരണം. ഇത് തമിഴ്‌നാട്ടിലെ മൊത്ത വിപണയിയെയും പ്രതിസന്ധിയിലാക്കി. ഒന്നരലക്ഷം കന്നുകൾ എത്തിയിരുന്ന കേരളത്തിൽ ഇപ്പോൾ ആറായിരത്തിൽ താഴെ മാത്രമാണ് എത്തുന്നത്. ബീഫ് ക്ഷാമത്തെ തുടർന്ന് ഇറച്ചിക്കടകൾ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് ഇടുക്കിയിലെ വ്യാപാരികളുടെ തീരുമാനം.
കന്നുകാലികളെ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ ആരോഗ്യ സർട്ടിഫിക്കറ്റ് നൽകണ്ടെന്ന് ഉത്തരവ് ആന്ധ്ര സർക്കാർ ഉത്തരവിറക്കി. ഇതിന് പിന്നിൽ കളിച്ചത് ബീഫ് എക്‌സ്‌പോർട്ടിങ് കമ്പനികളാണെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് രാഷ്ട്രപതിക്ക് അടക്കം പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. ഇറച്ചിക്കടച്ചവടം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തതിനാൽ സമരത്തിന് പകരം കടകൾ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഇടുക്കിയിലെ വ്യാപാരികൾ പറയുന്നു.
കോഴിക്കോട് ജില്ലയിലെ 650ഓളം ഇറച്ചിക്കടകളിൽ 300ഓളം കടകൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ആന്ധ്രയിലും തമിഴ്‌നാട്ടിലും എത്തിയിരുന്ന കന്നുകാലികളെ ഗോശാലകളിലേക്ക് ഗോസംരക്ഷണത്തിന്റെ പേരിൽ മാറ്റുന്ന പ്രവണത കൂടി വരികയാണ്. എന്നാൽ ഈ കന്നുകളെ ബീഫ് എക്‌സ്‌പോർട്ട് ചെയ്യുന്ന കമ്പനികളിലെത്തിക്കുന്ന സ്ഥിതിയാണ് ഉണ്ടാകുന്നതെന്നാണ് മനസിലാക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. നിലവിൽ ഒരു കിലോയ്ക്ക് 400 മുതൽ 440രൂപവരെയാണ് കോഴിക്കോട് ബീഫ് വില. ക്ഷാമം വരുമ്പോൾ വില ഇനിയും കൂടും. നാലു ജില്ലകളിൽ 12ാം തീയതി മുതൽ അനിശ്ചിതകാല സമരം തീരുമാനിച്ചിട്ടുണ്ട്.
ബീഫ് എത്താതിരിക്കുന്നതോടെ കോഴി, പന്നി ഇറച്ചികളുടെയും ഹോട്ടൽ ഭക്ഷണത്തിന്റെയും വില വർധിച്ചേക്കുമെന്ന് കച്ചവടക്കാർ പറയുന്നു.
