തൃശൂർ: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. ബജറ്റിൽ ഉൾപ്പടെ തങ്ങൾക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ സർവീസ് നിർത്തി സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ അറിയിച്ചു.
സ്ത്രീ യാത്രക്കാർ കൂടി ഇല്ലെങ്കിൽ സർവീസ് നടത്താൻ കഴിയില്ലെന്ന് ഉടമകൾ പ്രതികരിച്ചു. വൻ നഷ്ടമാണ് സഹിക്കേണ്ടി വരുക. സർവീസ് നിർത്തിയാൽ നിരവധി പേർക്ക് തൊഴിൽ നഷ്ടമാകും. സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന പ്രഖ്യാപനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിച്ചിട്ട് 15 വർഷമായി. ബജറ്റിൽ പ്രതീക്ഷ അർപ്പിക്കുന്നുവെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ പ്രതികരിച്ചു.
മുഖ്യമന്ത്രി ചർച്ചക്ക് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. സ്വകാര്യ ബസുകൾ നിലനിൽക്കാൻ പാക്കേജ് വേണം. 19 ന് ശേഷം ബസുടമകളുടെ സംയുക്ത യോഗം ചേരും. മേഖലയെ സംരക്ഷിക്കുന്ന തീരുമാനമുണ്ടായില്ലെങ്കിൽ ബജറ്റിന് ശേഷം സ്വകാര്യ ബസ് പണിമുടക്കുണ്ടാകും. സർക്കാർ പറഞ്ഞ പൈസക്കാണ് സ്വകാര്യ ബസുകൾ ഓടുന്നത്. കെഎസ്ആർടിസിക്ക് നൽകുന്ന ആനുകൂല്യങ്ങൾ സ്വകാര്യ ബസ് സർവ്വീസിനും വേണം. മത്സ്യ ബന്ധനത്തിന് മണ്ണെണ്ണ സബ്സിഡി കൊടുക്കുന്നത് പോലെ ഇന്ധനത്തിൽ ഇളവ് വേണം. ഇൻഷുറൻസ് സർക്കാർ ഏറ്റെടുക്കണം. ബസ് സ്റ്റാന്റുകളിലെ ഫീസ് ഒഴിവാക്കണം. വിദ്യാർഥി യാത്രാ നിരക്ക് വർധന, പൊതു യാത്രക്കാരുടെ നിരക്ക് വർധന, ഡീസൽ സബ്സിഡി, ഇൻഷുറൻസ് ഇളവ് എന്നിവ പാക്കേജിൽ വേണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.
