വടകര: വടകര വെള്ളികുളങ്ങരയിൽ രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. ഓർക്കാട്ടേരിയിൽ നിന്നും പാലൂരിലേക്ക് വരികയായിരുന്ന ‘കൈലാസ്’ ബസും, വടകരയിൽ നിന്നും കല്ലാച്ചി – നാദാപുരം ഭാഗത്തേക്ക് വരികയായിരുന്ന ‘മസ്സാഫി’ ബസുമാണ് അപകടത്തിൽപ്പെട്ടത്.
ഓർക്കാട്ടേരി ഭാഗത്ത് നിന്നും വന്ന ബസ് മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓവർടേക്ക് ചെയ്യുന്നതിനിടെ വളവിൽ വെച്ച് ബസുകൾ ഒരേ ട്രാക്കിലാവുകയും, ബ്രേക്ക് ചെയ്തെങ്കിലും വഴുതിപ്പോയതിനെത്തുടർന്ന് രണ്ട് ബസുകളും തമ്മിൽ കൂട്ടിയിടിക്കുകയുമായിരുന്നു. ഈ ബസുകൾക്ക് ഇടയിലായി ഒരു കാർ കുടുങ്ങിപ്പോയി.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞയുടൻ ആംബുലൻസുകൾ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
