കോഴിക്കോട്: രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനിയിൽ പോലീസ് പിടികൂടിയത് 10 ലക്ഷം രൂപയോളം വിലവരുന്ന 400 കിലോഗ്രാം പുകയില ഉൽപന്നങ്ങൾ. കാസർകോട് കാളിമുഖ സ്വദേശി അബ്ദുൽ സാക്കിറി(28)നെ പോലീസ് അറസ്റ്റ് ചെയ്തു. 15000 പാക്കയ്റ്റിലധികം ഉൽപന്നങ്ങളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. 16 ചാക്കുകളിലായി ഹാൻസ് പോലുള്ള ഉൽപന്നങ്ങൾ ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്നു. മൈസൂരിൽ നിന്നും കോഴിക്കോട് വഴി എറണാകുളത്തേക്ക് ഒരു സ്വിഫ്റ്റ് കാറിൽ പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നു എന്നാണ് സിറ്റി പോലീസ് കമ്മീഷണർക്ക് രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് പന്തിരങ്കാവ് പോലീസും ഡാൻ സാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പന്തീരാങ്കാവ് ടോൾ പ്ലാസക്ക് സമീപം വെച്ച് അബ്ദുൽ സാക്കിർ പിടിയിലാകുന്നത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘവും കോഴിക്കോട് സിറ്റി പോലീസും ശക്തമായ നിരീക്ഷണം നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
