ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം: മുഖ്യമന്ത്രി

news image
Jun 14, 2026, 9:19 am GMT+0000 payyolionline.in

തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ വിമർശനവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണത്. കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർഎസ്എസ് നേതാവിന്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം’, വി ഡി സതീശൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ആർഎസ്എസ് പരിപാടിയിൽ അതിഥികളായി സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തത്. ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് സംഘടിപ്പിച്ച സംഘപരിവാർ പരിപാടിയിലാണ് കേരള വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ, മലയാളസർവകലാശാല വൈസ് ചാൻസലർ ഡോ. സി ആർ പ്രസാദ്, എംജി സർവകലാശാല വൈസ് വൈസ് ചാൻസലർ പ്രൊഫ. ഡി മാവൂത്ത് എന്നിവർ പങ്കെടുത്തത്. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് വിവരം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe