കോളജ് വിദ്യാർഥിനികൾക്ക് 1000 രൂപയില്ല, യുവ സംരംഭകർക്ക് പലിശരഹിത വായ്പയിലും പരാമർശമില്ല; ആരോഗ്യ പരിരക്ഷ പദ്ധതിക്ക് 10 കോടി മാത്രം; ബജറ്റ് അവതരണം പൂർത്തിയായി

news image
Jun 19, 2026, 6:45 am GMT+0000 payyolionline.in

2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണം പൂർത്തിയായി. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ ആണ് ബജറ്റ് അവതരിപ്പിച്ചത്. വ്യക്തമായ ജനവിധിയോടെ അധികാരത്തിൽ വന്ന സർക്കാർ ആണിതെന്നും പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. എന്നാൽ കോൺഗ്രസ് സർക്കാരിൻ്റെ പ്രകടനപത്രികയിലെ രണ്ടാമത്തെ വാഗ്ദാനമായ കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ നൽകുമെന്നുള്ള വാഗ്‌ദനം പ്രഖ്യാപിച്ചില്ല.

ഇന്ദിരാ ഗാരണ്ടിയിൽ 25 കോടിയുടെ ഉമ്മൻചാണ്ടി ആരോഗ്യ പരിരക്ഷ പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് 10 കോടി രൂപ മാത്രമാണ് പ്രഖ്യാപിച്ചത്. കോളേജ് വിദ്യാർഥിനികൾക്കുള്ള 1000 രൂപ,യുവ സംരംഭകർക്കുള്ള പലിശരഹിത വായ്പ എന്നിവയിലും പരാമർശമില്ല. കെഎസ്ആ‍ർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി, കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ, 3000 രൂപ ക്ഷേമ പെൻഷൻ, യുവജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ പലിശ രഹിത വായ്പ എന്നിവയാണ് അഞ്ച് ​ഗ്യാരണ്ടികളായി പ്രഖ്യാപിച്ചത്.

സർക്കാർ ജീവനക്കാരെയും കാര്യമായി പരി​ഗണിക്കാതെയായിരുന്നു യുഡിഎഫ് സർക്കാരിൻ്റെ ഒന്നാം ബജറ്റ്. മുഖ്യമന്ത്രി വിഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ ജീവനക്കാരുടെ മെഡിക്കൽ‌ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരിഷ്കരിക്കുമെന്നല്ലാതെ മറ്റു പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. ലീവ് സറണ്ടറിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.

എന്നാൽ പങ്കാളിത്ത പെൻഷനിൽ മാറ്റം പ്രഖ്യാപിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അപാകതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പെൻഷൻ പദ്ധതിയിലെ മാറ്റം പ്രഖ്യാപിച്ചത്. ശമ്പള പരിഷ്കരണ കമ്മീഷനെക്കുറിച്ച് ബജറ്റിൽ പരാമർശമുണ്ടായില്ല. വിരമിക്കൽ പ്രായം ഉയർത്തുന്നതിലും പരാമർശമുണ്ടായില്ല. ഡി എ കുടിശ്ശികയുടെ മുൻ കാല പ്രാബല്യവും ബജറ്റിൽ പരാമർശിച്ചില്ല. ഡി എ കുടിശ്ശികയുടെ മുൻ കാല പ്രാബല്യം 8 ഗഡുക്കളായി നൽകുമെന്നായിരുന്നു മുൻ ധനകാര്യമന്ത്രിയായിരുന്ന കെഎൻ ബാലഗോപാലിന്റെ ബജറ്റിലെ വാഗ്ദാനം. ഇത്തവണ 2 ഗഡുവാണ്. ഇത് നടപ്പാക്കിയാൽ ഈ വർഷം 9000 കോടിയിലധികം രൂപ വേണ്ടിവരുമെന്നാണ് കണക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe