കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ (AMMA) ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും ഒന്നിച്ച് രാജിവെച്ചു. കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ബാക്കിനിൽക്കെ, അവിശ്വാസപ്രമേയത്തെ നേരിടാതെയാണ് ഭരണസമിതിയിലെ 17 അംഗങ്ങളും ഒരേസമയം രാജി സമർപ്പിച്ചത്. ജോയിന്റ് സെക്രട്ടറിയായ അൻസിബ ഹസൻ നേരത്തെ തന്നെ സ്ഥാനം രാജിവെച്ചിരുന്നു. നിലവിലെ ഭരണസമിതി ഒഴിഞ്ഞ സാഹചര്യത്തിൽ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി താൽക്കാലിക അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വരും. ഈ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം ജനറൽ ബോഡി തീരുമാനിക്കുമെന്നും പുതിയ സ്ഥിരം സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പിന്നീട് നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി 2025 ഓഗസ്റ്റ് 15-നാണ് സംഘടനയുടെ ചുമതലയേറ്റത്. അന്ന് ശ്വേതാ മേനോനെ പ്രസിഡന്റായും കുക്കു പരമേശ്വരനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തതോടെയാണ് ‘അമ്മ’യുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ ഭരണസമിതി തലപ്പത്തെത്തിയത്. എന്നാൽ വെറും 310 ദിവസത്തെ പ്രവർത്തനത്തിന് ശേഷമാണ്, ഒരു വർഷം തികയും മുൻപ് തന്നെ ഈ ഭരണസമിതി പൂർണ്ണമായും പിരിഞ്ഞുപോകുന്നത്.
കൊച്ചിയിൽ നടന്ന ജനറൽ ബോഡി യോഗത്തിനിടെ നേരിട്ട് വേദിയിലെത്തിയാണ് ശ്വേതാ മേനോൻ തന്റെ രാജി പ്രഖ്യാപനം നടത്തിയത്. സംഘടനയ്ക്കുള്ളിൽ ഉയർന്നുവന്ന രാഷ്ട്രീയ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ശ്വേത, താൻ ബിജെപിക്കോ കോൺഗ്രസിനോ അനുകൂലമായി യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് വേദിയിൽ വ്യക്തമാക്കി. ചില താരങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളായതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, ഭരണസമിതിക്കെതിരെ ഉയർന്നുവന്ന ഇത്തരം ആരോപണങ്ങൾ തികച്ചും വസ്തുതാവിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
