വടകര: വടകര ടൗൺഹാളിന് സമീപം വെച്ച് കാറിൽ കടത്തുകയായിരുന്ന ഒരുകോടി നാലരലക്ഷം രൂപയുടെ കുഴൽപ്പണവുമായി പ്രമുഖ ജ്വല്ലറി ഉടമയെ പോലീസ് പിടികൂടി. വടകര ലിങ്ക് റോഡിൽ ‘മനോജ് ജ്വല്ലറി’ നടത്തുന്ന മനോജ് എന്നയാളാണ് പണശേഖരവുമായി പിടിയിലായത്.
മഹാരാഷ്ട്രയിൽ നിന്നും രഹസ്യമായി കാറിൽ പണം കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമായ ഡാൻസാഫും (DANSAF) വടകര പോലീസും സംയുക്തമായാണ് ടൗൺഹാളിന് സമീപം വാഹനപരിശോധന നടത്തിയത്.
പിടിച്ചെടുത്ത തുക കൃത്യമായി തിട്ടപ്പെടുത്തുന്നതിനായി പോലീസ് കൗണ്ടിങ് മെഷീനുകൾ സംഭവസ്ഥലത്ത് എത്തിച്ചിരുന്നു.
തുടർനടപടികളുടെ ഭാഗമായി പ്രതിയായ മനോജിനെയും പണം കടത്താൻ ഉപയോഗിച്ച വാഹനവും വടകര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
