പയ്യോളി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള പോലീസിന്റെ ലഹരിവിമുക്ത കേരളത്തിനായുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ക്യാമ്പയിന്റെ ഭാഗമായി പയ്യോളി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ ലഹരിവിരുദ്ധ സന്ദേശ കൂട്ടയോട്ടം ശ്രദ്ധേയമായി.

ജൂൺ 26 വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് കീഴൂർ ടൗണിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം പയ്യോളി നഗരസഭ ചെയർപേഴ്സൺ സാഹിറ എൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പയ്യോളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ (എസ്.എച്ച്.ഒ.) കെ.സി. ബാബുമോൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പയ്യോളി ജി.വി.എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ (SPC), നാഷണൽ സർവീസ് സ്കീം (NSS) അംഗങ്ങൾ, വ്യാപാരി വ്യവസായികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ എന്നിവരുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

കൂട്ടയോട്ടത്തിന് ശേഷം പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് പയ്യോളി സ്കൂളിലെ എസ്.പി.സി. കേഡറ്റുകൾ അവതരിപ്പിച്ച ലഹരിവിരുദ്ധ ഫ്ലാഷ് മോബും തുടർന്ന് പൊതുജനങ്ങൾക്കായി നടത്തിയ “തൂഫാൻ ഗോൾ” ഷൂട്ട് ഔട്ട് മത്സരവും വലിയ ജനശ്രദ്ധ ആകർഷിച്ചു. ഈ ബോധവൽക്കരണ ക്യാമ്പയിൻ പയ്യോളിയിൽ വൻ വിജയമായി മാറി.

