കോഴിക്കോട്: കോഴിക്കോടും കണ്ണൂരുമടക്കം നാല് ജില്ലകളിലെ ഡിഎംഒ നിയമനം പ്രതിസന്ധിയിൽ. രാഷ്ട്രീയ ചരടുവലിയെന്നാണ് ഉയരുന്ന ആക്ഷേപം. ഡിസിസി നേതൃത്വവും ആരോഗ്യമന്ത്രിയും രണ്ട് തട്ടിലായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കോഴിക്കോട് മാത്രം പതിനൊന്ന് പേരാണ് പരിഗണനയിലുള്ളത്. കാസർകോടും മലപ്പുറത്തും സമാന പ്രതിസന്ധിയുണ്ട്. അഡീഷണൽ ഡിഎംഒമാർക്കാണ് ഇപ്പോൾ ചുമതലയുള്ളത്. ഷിഗെല്ല അടക്കം പകർച്ചവ്യാധികൾ രൂക്ഷമാകുന്ന ജില്ലകളിലെ ഡിഎംഒ പ്രതിസന്ധി വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ആരോഗ്യ മേഖലയിൽ വീതംവെപ്പിന്റെ കൊയ്ത്തുത്സവം നടക്കുന്നെന്നാണ് എൽഡിഎഫിന്റെ പരിഹാസം. ആരോഗ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പ് പാലിക്കണമെന്ന് പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. മന്ത്രിയെ മറികടന്ന് ഉദ്യോഗസ്ഥർ തീരുമാനമെടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിയുടെ വാക്ക് പ്രാവർത്തികമാകുന്നില്ല. മന്ത്രിയേക്കാൾ വലിയ ആരാണ് ആരോഗ്യവകുപ്പിലുള്ളതെന്നും റിയാസ് ചോദിച്ചു. ഏകോപനമുണ്ടാകാത്തത് രോഗികളെ ബാധിക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. നിപ്പ റിപ്പോർട്ട് ചെയ്തിട്ടും ഡിഎംഒ കസേര ഒഴിഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുതരമായ സാഹചര്യത്തിലും മന്ത്രി ജില്ലയിലുണ്ടായിരുന്നില്ല, ഡിഎംഒ വരാനും രണ്ടര വർഷം കാത്തുനിൽക്കണോയെന്നും റിയാസ് പരിഹസിച്ചു.
ഡിഎംഒമാരുടെ ഒഴിവ് ഉടൻ നികത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജയും രംഗത്തെത്തി. പകർച്ചപ്പനികളുടെ കാലത്ത് ജില്ലാ മെഡിക്കൽ ഓഫീസർ ഉണ്ടായിരുക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും അവരാണ് കാര്യങ്ങൾ ഏകോപിപ്പിക്കേണ്ടതെന്നും കെ കെ ശൈലജ വിശദീകരിച്ചു.
പകർച്ചവ്യാധി പ്രതിരോധത്തിന് ഹൈപവർ കമ്മിറ്റികളടക്കം രൂപീകരിക്കുന്ന സർക്കാർ ഡിഎംഒ നിയമനത്തിൽ തുടരുന്ന വിമുഖത വലിയ വിമർശനങ്ങൾക്കിടയാകുകയാണ്. നിയമനം വൈകുന്നതിൽ സാങ്കേതിക ന്യായമാണ് ആരോഗ്യവകുപ്പ് ഉയർത്തുന്നത്. സാധാരണ ഡിപ്പാർട്‌മെന്റ് പ്രമോഷൻ കമ്മിറ്റി (DPC) കൂടിയാണ് ഡിഎംഒമാരെ നിയമിക്കേണ്ടത്. എന്നാൽ ഇത് അനന്തമായി നീണ്ടുപോയതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. കോഴിക്കോട് പോലെയുള്ള വലിയ ജില്ലകളിൽ അഡീഷണൽ ഡയറക്ടർ തസ്തികയിലുള്ള ഉദ്യോഗസ്ഥരെയാണ് ഡിഎംഒ ആയി നിയമിക്കാറുള്ളത്. ഇക്കാര്യങ്ങളിലടക്കം നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തൽ.
എന്നാൽ ഡിഎംഒ നിയമനം ഉടനുണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. നിയമന നടപടികൾ അവസാന ഘട്ടത്തിലാണ്. ഡിഎംഒമാരുടെ ഒഴിവ് പകർച്ചവ്യാധി പ്രതിരോധത്തെ ബാധിച്ചിട്ടില്ലെന്നും ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
