വിലങ്ങാട് വനത്തിനുള്ളിൽ കയറിയ യുവാക്കൾക്കെതിരെ കേസെടുത്തു; ആറുമാസം വരെ തടവുലഭിക്കാവുന്ന കുറ്റം

news image
Jun 27, 2026, 8:19 am GMT+0000 payyolionline.in

വിലങ്ങാട് : കാഴ്ച കാണാൻ പോയി വിലങ്ങാട് വനത്തിനുള്ളിൽ കുടുങ്ങി വനംവകുപ്പ് അധികൃതർ കഴിഞ്ഞ ദിവസം പുറത്തെത്തിച്ച യുവാക്കൾക്കെതിരെ കേസെടുത്തു. വടകര കുരിക്കിലാട് സ്വദേശികളായ കരിപ്പാൽ ഫാസിൽ (22) മൊട്ടേമ്മൽ ഫാസിൽ (23), റഹ്‌മത്തിൽ പി.പി. റാഹിൽ (25) എന്നിവരാണ് വെള്ളിയാഴ്ച രാത്രി വിലങ്ങാട് വാളൂക്കിന് സമീപം വയനാടൻ മലനിരകളുടെ ഭാഗമായ കാട്ടിൽ കുടുങ്ങിയത്.

പിന്നീട് രാത്രി 10.45-ഓടെ വനംവകുപ്പും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. വനത്തിൽ അതിക്രമിച്ച് കയറിയതിനാണ് കേസ്. ആറുമാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവാക്കളെ കുറ്റ്യാടി വനംവകുപ്പ് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

അതിക്രമിച്ച് കയറിയതല്ല ദൃശ്യങ്ങളുംമറ്റും സോഷ്യൽ മീഡിയയിൽ അടക്കം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ എത്തിയതെന്നാണ് യുവാക്കൾ വനംവകുപ്പ് അധികൃതരോട് പറഞ്ഞത്. വന്യമൃഗങ്ങളടക്കം ഇറങ്ങുന്ന ചെങ്കുത്തായ പ്രദേശത്ത് കുടുങ്ങിയ യുവാക്കൾ തലനാരിഴയ്ക്കാണ് മറ്റ് അപകടങ്ങളിലൊന്നും പെടാതെ രക്ഷപ്പെട്ടത്.

തിരികക്കയം വെള്ളച്ചാട്ടം കണ്ടശേഷം വൈകീട്ട് അഞ്ചുമണിയോടെയാണ് കാട്ടിൽ കയറിയതെന്ന് ഇവർ പറഞ്ഞു. പുല്ലംപാറ വ്യൂപോയിന്റ് കാണുകയായിരുന്നു ലക്ഷ്യം. എന്നാൽ, കരിപ്പാൽ ഫാസിലിന് വഴിതെറ്റി. ഇയാളെ കണ്ടെത്താൻ മറ്റു രണ്ടുപേരും കൂക്കിവിളിച്ചും മൊബൈലിന്റെ ഫ്ളാഷ്‌ലൈറ്റ് തെളിയിച്ചും നടന്നു. ഇത് പുറത്തുള്ള നാട്ടുകാർ കേട്ടതോടെയാണ് ആരോ കാട്ടിൽ കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായത്.

തുടർന്ന് നാട്ടുകാർ വിവരമറിയിച്ചത് പ്രകാരമാണ് വനംവകുപ്പും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയത്. നാട്ടുകാരും തിരച്ചിലിൽ പങ്കുചേർന്നു. മൂന്നുമണിക്കൂറോളം തിരച്ചിൽ നടത്തിയാണ് ഇവരെ കണ്ടെത്തിയത്. എട്ടുമണിവരെ ശബ്ദംകേട്ടെങ്കിലും പിന്നീട് ശബ്ദം കേൾക്കാത്തതും വെളിച്ചംകാണാത്തതും ആശങ്ക ഉയർത്തിയിരുന്നു.

ഫാസിലിനെ കണ്ടതോടെയാണ് ഇവർ കൂക്കിവിളിയും ഫ്ളാഷ് ലൈറ്റ് തെളിയിക്കുന്നതും നിർത്തിയത്. അപ്പോഴേക്കും നേരംവൈകിയതിനാൽ കുറേസമയം ഒരുസ്ഥലത്ത് ഇരുന്നു. ഇതിനിടെയാണ് തിരച്ചിൽ നടത്തുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഇവിടേക്കെത്തിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe