സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും

news image
Jun 29, 2026, 4:03 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാഗ്രതയുടെ ഭാഗമായി ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ മറ്റ് 12 ജില്ലകളിൽ യെല്ലോ അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടുമായിരിക്കും.

​ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയുള്ള ഭാഗങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം പകൽ സമയത്തുതന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കേണ്ടതാണ്. മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങളോ പോസ്റ്റുകളോ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ സ്വകാര്യ-പൊതു ഇടങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ കോതി ഒതുക്കുകയും അധികൃതരെ വിവരമറിയിക്കുകയും ചെയ്യേണ്ടതുണ്ട്.

​മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികളോ മറ്റ് ജലാശയങ്ങളോ മുറിച്ചുകടക്കാനോ, കുളിക്കാനും മീൻപിടിക്കാനും ഇറങ്ങാനോ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ചകൾ കാണുന്നതും സെൽഫിയെടുക്കുന്നതും പൂർണമായി ഒഴിവാക്കണം. മലയോര മേഖലകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങൾ കരകവിഞ്ഞൊഴുകുന്ന റോഡുകളിലൂടെ വാഹനങ്ങൾ ഓടിക്കാൻ ശ്രമിക്കരുത്. ദുരന്ത സാധ്യത മേഖലയിലുള്ളവർ അടിയന്തരമായി ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ താലൂക്ക്-ജില്ലാ ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണെന്നും അപകടസാധ്യത ഘട്ടങ്ങളിൽ സഹായത്തിനായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe