പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായി; ഗതാഗത മന്ത്രി സി പി ജോൺ

news image
Jul 16, 2026, 1:21 pm GMT+0000 payyolionline.in

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി രൂപ നഷ്ടമുണ്ടായെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ. അത് നേരത്തെ സർക്കാർ കണക്കുകൂട്ടിയത് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ധനകാര്യ മന്ത്രി കൂടിയായതുകൊണ്ട് കാര്യങ്ങൾ കൃത്യമായി നടന്നെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പ്രദർശിനി ബസ് ഇടുന്നതിന് ബസ്സുകളുടെ കുറവുണ്ട്. എംഎൽഎമാരുടെ ഫണ്ടിൽനിന്ന് ഓരോ ബസ് വാങ്ങിത്തരണം എന്നുള്ള നിയമം വരാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സ്പ്രസ്സും ഫാസ്റ്റ് പാസഞ്ചറും അടക്കം പ്രിയദർശിനി ആക്കണം എന്നാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാൽ ഇപ്പോൾ നമുക്ക് അതിനൊരു നിവൃത്തി ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഓൺലൈൻ ടാക്‌സി ഡ്രൈവർമാരുടെ സമരത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മൂന്ന് ലക്ഷം കോടി രൂപയാണ് വാഹന മേഖലയിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. അവരെ ഒക്കെയും തങ്ങൾ പരിഗണിക്കുമെന്നായിരുന്നു സി പി ജോണിന്റെ പ്രതികരണം. വിവിധ മേഖലകളിൽ ഉൾപ്പെട്ടവരെ ഉത്സാഹിപ്പിക്കാൻ ശ്രമം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്ഷ്വറി ബസ്സുകൾ ഉടൻ നിരത്തിലിറങ്ങുമെന്ന് പറഞ്ഞ അദ്ദേഹം അത്തരം ധരാളം ബസ്സുകൾ വാങ്ങുന്നത് തങ്ങളുടെ പോളിസി അല്ലെന്നും വ്യക്തമാക്കി. നിലവിൽ ഇപ്പോൾ ഉള്ള ബസ്സുകൾ നിരത്തിലിറക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പുതിയ റോഡ് സുരക്ഷായജ്ഞം ആരംഭിക്കുന്നുവെന്നും ഇതിന്റെ ഭാഗമായി സീബ്രാ ലൈനുകളുടെ വീതി ഇരട്ടിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ പ്രതികരിച്ച അദ്ദേഹം കാര്യങ്ങൾ അനുവദിക്കുന്ന സർക്കാർ ആണെന്ന് പറഞ്ഞു. നൽകുന്ന അനുവാദങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം ഓർമപ്പെടുത്തി. ബസ്സുകളിൽ വോക്കൽ എന്ന പേരിൽ സ്പീക്കറുകൾ പുറത്തുവച്ച് പ്രവർത്തിക്കുന്നു. ഇതുമൂലം അപകടങ്ങൾ ഉണ്ടാകുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വോക്കൽ വച്ച വാഹനങ്ങൾ ഉടൻ അഴിച്ചുമാറ്റിക്കോളൂ എന്നും അല്ലാത്തപക്ഷം അവ കണ്ടുകെട്ടുമെന്നും സി പി ജോൺ മുന്നറിയിപ്പ് നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe