വടകര: വടകരയിലെ 17 കാരന്റെ മരണത്തിൽ ആറ് പേർക്ക് എതിരെ കേസെടുത്തു. കുട്ടിയുടെ ആത്മഹത്യ ആൾക്കൂട്ട മർദനവും വിചാരണയും കാരണമെന്ന് പരാതി ഉയർന്നിരുന്നു. ഇതുചൂണ്ടിക്കാട്ടി മരിച്ച അഭിജിത്തിന്റെ സുഹൃത്തുക്കൾ നൽകിയ പരാതിയിലാണ് നടപടി. കണ്ണൂർ സ്വദേശികളായ റിസ്വാൻ, അഭിനവ് , ഷമിൽ, നസീഫ് , ഷഹബാസ്, മിസ്ഹബ് എന്നിവർക്ക് എതിരെ ആണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ലഹരി ഉപയോഗിച്ചു എന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ മർദ്ദിച്ചു എന്നായിരുന്നു പരാതി. അഭിജിത്തിന്റെ ഫോൺ സംഘം പിടിച്ച് വാങ്ങി എന്നും ഭീഷണിപ്പെടുത്തി എന്നും കുടുംബം ആരോപിച്ചിരുന്നു. അഭിജിത്ത് ആത്മഹത്യ ചെയ്തത് ഇതിൽ മനം നൊന്താണ് എന്നാണ് പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ഞായറാഴ്ച ആണ് അഭിജിത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുൻപ് തന്നെ കുറച്ചാളുകൾ ചേർന്ന് മർദിച്ചെന്നും ദേഹമാസകലം വേദനയുണ്ടെന്നും അഭിജിത്ത് അമ്മയോടും സഹോദരനോടും പറഞ്ഞിരുന്നു. എന്നാൽ ആത്മഹത്യക്ക് ശേഷമാണ് അഭിജിത്തിന്റെ സുഹൃത്തുക്കൾ ഇത്തരത്തിൽ ഒരു സംഘം ആളുകൾ തങ്ങളെ ക്രൂരമായി മർദിച്ചിരുന്നെന്ന കാര്യം വെളിപ്പെടുത്തുന്നത്. തങ്ങൾ ലഹരി ഉപയോഗിച്ചെന്നാരോപിച്ചായിരുന്നു മർദനമെന്നും അഭിജിത്തിന്റെ ഫോൺ ഈ സംഘം പിടിച്ചുവാങ്ങിയെന്നും വീട്ടിൽ പറയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവർ പറഞ്ഞിരുന്നു.
പിന്നാലെ അസ്വാഭാവിക മരണത്തിന് ചോമ്പാല പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ അഭിജിത്തിന്റെ സുഹൃത്തുക്കൾ ചൊക്ലി പൊലീസിൽ പരാതി നൽകുകയായിരുന്നു. വിഷയത്തിൽ അഭിജിത്തിന്റെ കുടുംബമടക്കം പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. പ്രതികൾ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയെന്നാണ് വിവരം. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
