‘വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടില്ല;മഴയില്ലെന്ന് പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്’

news image
Jul 18, 2026, 6:04 am GMT+0000 payyolionline.in

ഇടുക്കി: തുടർച്ചയായുള്ള പവർകട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. കേരളത്തിൽ ഇതുവരെ ആവശ്യത്തിന് വൈദ്യുതി ലഭിച്ചിട്ടില്ലെന്നും പുറത്ത് നിന്ന് വാങ്ങിയാണ് മുൻ സർക്കാർ സമ്പൂർണ വൈദ്യുത പദ്ധതി നടപ്പിലാക്കിയതെന്നും എം എം മണി പറഞ്ഞു. കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ വെറും 40 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബാക്കി കരാർ അടിസ്ഥാനത്തിൽ വാങ്ങിക്കുന്നതാണെന്നും എം എം മണി ചൂണ്ടിക്കാട്ടി.

എൽഡിഎഫ് സർക്കാർ ഭരിക്കുന്ന സമയത്തും പ്രതിസന്ധികൾ വന്നിട്ടുണ്ട്. പക്ഷെ ജനങ്ങളെ ഇരുട്ടിലാക്കുന്ന നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് കാര്യങ്ങൾ വ്യക്തമായി പഠിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമായ വൈദ്യുതി കരാർ അടിസ്ഥാനത്തിൽ പുറത്ത് നിന്ന് വാങ്ങണം. ഇത് പണം ചെലവാകുന്ന കാര്യമാണ്. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ എൽഡിഎഫ് സർക്കാർ വൈദ്യുതി പുറത്ത് നിന്നാണ് കണ്ടെത്തിയത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രതിസന്ധി മറികടക്കണം. ഈ പണം വൈദ്യുതി ഉപയോഗിക്കുന്നവരിൽ നിന്ന് പിരിച്ചെടുക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മഴയില്ലെന്നും ഡാമിൽ വെള്ളമില്ലെന്നും പറഞ്ഞ് സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുകയാണ്. വൈദ്യുതി പ്രതിസന്ധിയിൽ സതീശൻ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടില്ല. കരാർ ഉണ്ടാക്കി വൈദ്യുതി വാങ്ങണം. പണം ഉപഭോക്താക്കളിൽ നിന്ന് വാങ്ങണം. ഇതൊന്നും ചെയ്യാതെ ജനങ്ങളെ പറ്റിക്കുന്ന നടപടിയാണ് വൈദ്യുതി വകുപ്പ് മന്ത്രിയും സർക്കാരും സ്വീകരിക്കുന്നത്. സമ്പൂർണ വൈദ്യുതനയം നടപ്പാക്കിയില്ലെങ്കിൽ പോലും പുറത്ത് നിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യം കേരളത്തിലുണ്ട്’; എം എം മണി പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe