മണിയൂർ: കേരള ഗണക കണിശ സഭ (KGKS) മണിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. എൻ.പി. ശ്രീധരൻ നഗറിൽ വെച്ച് നടന്ന സംഗമം മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിൻഷ കെ. ഉദ്ഘാടനം ചെയ്തു. കെ.ജി.കെ.എസ്. യൂണിറ്റ് പ്രസിഡന്റ് അജിതൻ എം.സി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംഗമത്തിൽ 70 വയസ്സ് പിന്നിട്ട മുതിർന്ന സമുദായാംഗങ്ങളെ കെ.ജി.കെ.എസ്. സംസ്ഥാന സെക്രട്ടറി പി.കെ. പുരുഷോത്തമൻ പൊന്നാട അണിയിച്ച് ആദരിച്ചു. വിവിധ പൊതുപരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ വിതരണം ജില്ലാ പ്രസിഡന്റ് എം.ടി. രാമചന്ദ്രൻ പണിക്കർ പാലത്ത് നിർവ്വഹിച്ചു. ചടങ്ങിന് മുന്നോടിയായി കരുണൻ പണിക്കർ വി.പി. അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.കെ. മുരളീധരൻ അനുസ്മരണ ഗാനം ആലപിച്ചു.
കെ.ജി.കെ.എസ്. ജില്ലാ സെക്രട്ടറി ചന്ദ്രൻ പണിക്കർ കൈതക്കൽ, ജില്ലാ ട്രഷറർ പ്രശാന്ത് പണിക്കർ, വനിതാ വിഭാഗം ജില്ലാ ചെയർപേഴ്സൺ മധുമതി, വടകര-കുറ്റ്യാടി മേഖലാ ഭാരവാഹികളായ രാമകൃഷ്ണൻ അറക്കിലാട്, സുധീപ് പണിക്കർ, എൻ.പി. പ്രഭാകരൻ, സജിത്ത് പണിക്കർ ഒ.പി., എം.പി. ഹരീഷ്, ജയരാജ് പണിക്കർ, പി.എം. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
വി.പി. രവീന്ദ്രൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ട് ചർച്ചയ്ക്ക് ജ്യോതി ഭായ് തുടക്കം കുറിച്ചു. തുടർന്ന് നടന്ന പുതിയ കമ്മിറ്റി രൂപീകരണത്തിന് കെ.പി. സജിത്ത് കുമാർ വരണാധികാരിയായി പ്രവർത്തിച്ചു. സമാപനത്തോടനുബന്ധിച്ച് പ്രശസ്ത ഗായകൻ നിധിൻ പി.എം. നയിച്ച ഗാനസദസ്സും സമുദായാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി വി.പി. രവീന്ദ്രൻ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കെ.എസ്. നന്ദിയും രേഖപ്പെടുത്തി.
