സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി വിദ്യാർത്ഥികൾ

news image
Jul 23, 2026, 10:29 am GMT+0000 payyolionline.in

തിരുവനന്തപുരം: എംബിബിഎസ് വിദ്യാർത്ഥി സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി വിദ്യാർത്ഥികൾ. പൊലീസ് നടപടിയിൽ ഗുരുതരമായ വീഴ്ച ഉണ്ടായെന്നും ഒന്നിൽ കൂടുതൽ പരാതി ഉണ്ടായിട്ടും വ്യത്യസ്ത എഫ്‌ഐആറുകൾ ഇടാനോ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനോ പൊലീസ് തയ്യാറായില്ലെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. പ്രതിഷേധമുണ്ടായപ്പോൾ മാത്രമാണ് മൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറായതെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയിൽ സമഗ്രമായ അന്വേഷണം വേണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളുടെ പരാതിയിൽ നീതി ഉറപ്പാക്കണമെന്നും പരാതിക്കാരായ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ടാണ് പരാതി നൽകിയത്. വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് കേസുകളിൽ കൂടി പ്രതി ഏബലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കൽ കോളേജ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് ഏബൽ അഗസ്റ്റിൻ. വയനാട് കാക്കവയൽ സ്വദേശിയും മെഡിക്കൽ കോളേജിലെ മൂന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിയുമായ ഏബൽ കേസിലെ ഒന്നാം പ്രതിയാണ്. സംഭവത്തിൽ ഇരുപതിലേറെ വിദ്യാർത്ഥിനികൾ ഇരയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഏബലിനെ മെഡിക്കൽ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പൊലീസ് കസ്റ്റഡിയിലെടുക്കുകയും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് സസ്‌പെൻഷൻ.

പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ നിന്ന് അനുവാദമില്ലാതെ എടുത്ത ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത് പൊലീസിന്റെ അനാസ്ഥ മൂലമാണ് എന്ന് ആരോപിച്ച് നൂറോളം വിദ്യാർത്ഥികൾ ഇന്നലെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പൊലീസ് നിസാര വകുപ്പുകൾ ചുമത്തിയത് കൊണ്ടാണ് പ്രതിയ്ക്ക് ജാമ്യം ലഭിച്ചതെന്ന് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ എൻഎച്ച് സാലിഹ് ആരോപിച്ചിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe