ഓണ്‍ലൈന്‍ ടാക്‌സി സമരം ഭാഗികമായി പിന്‍വലിച്ചു; ഊബര്‍ ഒഴികെയുള്ള സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും

news image
Jul 24, 2026, 4:45 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം ഭാഗികമായി പിന്‍വലിച്ചു. വിവിധ കമ്പനികളിലെ പ്രതിനിധികളുമായി ഡ്രൈവര്‍മാരുടെ സംയുക്ത സമിതി നടത്തിയ ചര്‍ച്ച വിജയിച്ചതിനെ തുടര്‍ന്ന് ഊബര്‍ ഒഴികെയുള്ള മറ്റ് ആപ്പുകളിലെ സമരമാണ് അവസാനിപ്പിച്ചത്. കേരള സവാരി, ഓല, റാപ്പിഡോ തുടങ്ങിയ കമ്പനികള്‍ തൊഴിലാളികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഈ ആപ്പുകള്‍ വഴിയുള്ള സര്‍വീസുകള്‍ സാധാരണ നിലയിലാകും.

​അതേസമയം, കൊച്ചിയിൽ ഊബര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ ഊബറിനെതിരെയുള്ള സമരം ശക്തമായി തുടരാനാണ് സംഘടനകളുടെ തീരുമാനം. മിനിമം നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങളോട് കമ്പനി അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് ഊബര്‍ ഡ്രൈവര്‍മാര്‍ പണിമുടക്ക് തുടരുന്നത്. വരും ദിവസങ്ങളിൽ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ഊബര്‍ ആപ്പ് ഉപയോഗിച്ച് സര്‍വീസ് നടത്തില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഊബര്‍ അധികൃതരുമായി സംയുക്ത സമിതി വീണ്ടും ചര്‍ച്ച നടത്തും.

​നിരക്ക് പരിഷ്‌കരണം, ബൈക്ക് ടാക്സി അവസാനിപ്പിക്കല്‍, തൊഴില്‍ സുരക്ഷ ഉറപ്പാക്കല്‍, ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തൽ, മുൻകൂട്ടി അറിയിക്കാതെ ഡ്രൈവർമാരെ ബ്ലോക്ക് ചെയ്യുന്ന നടപടി ഒഴിവാക്കൽ തുടങ്ങിയ 11 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഉയര്‍ന്ന ഇന്ധനവിലയും കമ്പനികളുടെ അമിത കമ്മീഷനും കാരണം വാഹനം ഓടിച്ചു കിട്ടുന്ന തുക മെയിന്റനന്‍സിന് പോലും തികയുന്നില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് തങ്ങളെന്നും ഡ്രൈവർമാർ ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe