തിരുവനന്തപുരം: സിഎംആർഎൽ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടിക്കും പിണറായി വിജയനും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി. പിണറായുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയുടെ സ്ഥാപനത്തിന് കരാർ നൽകിയതെന്നാണ് ശശിധരൻ കർത്ത മൊഴി നൽകിയിരിക്കുന്നത്. 2024 ഏപ്രിലിൽ വീട്ടിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കർത്ത ഇത്തരത്തിൽ മൊഴി നൽകിയത്. വീണ സിഎംആർഎൽന് സേവനം നൽകിയിട്ടില്ലെന്നും ഇ ഡി അഡ്ജുഡികേറ്റിങ് അതോറിറ്റിക്ക് മുൻപാകെ നൽകിയ റിപ്പോർട്ടിലുണ്ട്. സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായും ഇ ഡിയുടെ റിപ്പോർട്ടിൽ പറയുന്നു.
2024 ഏപ്രിലിലാണ് സിഎംആർഎൽ എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്യുന്നത്. ഇതിന് പിന്നാലെ നടത്തിയ വേഗത്തിലുള്ള നടപടിയുടെ ഭാഗമായാണ് അതേവർഷം ഏപ്രിലിൽ ശശിധരൻ കർത്തയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. പല തവണ സമൻസ് അയച്ചിട്ടും ഹാജരാകാൻ തയ്യാറാകാത്തതിനാലായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങൾ കൂടി പരിഗണിച്ച് ഇ ഡി വീട്ടിലെത്തിയത്. ഇവിടെ വെച്ചാണ് സിഎംആർഎലിന് വീണയുടെ കമ്പനി യാതൊരു സേവനവും നൽകിയിട്ടില്ലെന്ന് എംഡി തന്നെ മൊഴി നൽകിയത്. പിന്നാലെ അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് കൂടി നീങ്ങുന്നെന്നാണ് വിവരം. 2016-2021 കാലയളവിലെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എതെങ്കിലും തരത്തിലുള്ള വഴിവിട്ട സഹായം സിഎംആർഎല്ലിന് ലഭിച്ചിട്ടുണ്ടോ എന്നതിലാണ് അന്വേഷണം നടക്കുന്നത്.
കേസിൽ റെയിഡിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കൾ മരവിപ്പിച്ചിരുന്നു. ഇതിന്റെ കണ്ടുകെട്ടൽ നടപടികൾക്ക് മുന്നോടിയായി ഇഡി നൽകിയ റിപ്പോർട്ടിൽ സ്വത്തു വിരങ്ങളുടെ വിശദാംശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. വീണ ടി യുടെ 16.5 ലക്ഷം രൂപയാണ് മരവിപ്പിച്ചിരിക്കുന്നത്. സ്വന്തം പേരിലും കമ്പനികളുടെ പേരിലും നിക്ഷേപിച്ച പണം മരവിപ്പിച്ചതായാണ് വിവരം. വീണയുടെ മറ്റൊരു കമ്പനിയായ ലേക്കർ ഇന്ത്യയുടെ 15.5 ലക്ഷവും മരവിപ്പിച്ചു. വീണയുടെ ലോക്കറും മരവിപ്പിച്ചവയുടെ കൂട്ടത്തിലുണ്ട്. വീണയുടെ അക്കൗണ്ടിൽ 1.37 ലക്ഷം രൂപയായിരുന്നു ഉണ്ടായിരുന്നത്. എക്സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585 രൂപയും ഉണ്ടായിരുന്നു. കൂടാതെ ശശിധരൻ കർത്തയുടേയും കുടുംബാങ്ങളുടേയും 26 കോടി രൂപയും മരവിപ്പിച്ചു. 12 പ്രതികളുടെയും കൂടി 29 കോടി രൂപയുമാണ് മരവിപ്പിച്ചിരിക്കുന്നത്. അഡ്ജുഡിക്കേറ്റിങ് അതോറിറ്റി പ്രതികളോട് വിശദീകരണം തേടിയതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
കേസ് വേഗത്തിൽ കൊണ്ട് പോകാൻ ഇഡി ശ്രമം നടത്തിയിരുന്നെങ്കിലും ഹൈക്കോടതി ഇതിന് സ്‌റ്റേ നൽകുന്ന സാഹചര്യമുണ്ടായിരുന്നു. പിന്നാലെ രണ്ട് വർഷത്തിന് ശേഷമാണ് നിയമക്കുരുക്ക് മാറി വിശദമായ റെയിഡിലേക്ക് ഇഡി പോകുകയും ചെയ്തിരുന്നത്. തുടർന്നാണ് 12 പ്രതികളുടെ പണം മരവിപ്പിച്ചത്. സേവനം നൽകാതെ 2.78 കോടി രൂപ പ്രതിഭലമായി വീണ ടിക്ക് സിഎംആർഎല്ലിൽ നിന്ന് ലഭിച്ചു എന്നതായിരുന്നു കേസ്.
