കോട്ടയത്ത് നവജാതശിശുക്കളുടെ വിൽപ്പനയെന്ന പരാതി: അന്വേഷണം ജില്ലയ്ക്ക് പുറത്തേക്ക്, കൂടുതൽ ഇരകൾ?

news image
Jul 30, 2026, 8:12 am GMT+0000 payyolionline.in

കോട്ടയം: കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവർത്തിക്കുന്നുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം ജില്ലയ്ക്ക് പുറത്തേക്ക്. സംഭവത്തിൽ രണ്ടാമത്തെ എഫ്‌ഐആർ പൊലീസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ വിൽപന നടത്തിയതിനാണ് കേസ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തൊടുപുഴയിൽ ഇതരസംസ്ഥാനത്ത് നിന്നുള്ള യുവതി പ്രസവിച്ച കുഞ്ഞിനെയാണ് വിൽപന നടത്തിയത്. അസം സ്വദേശിയായ 22കാരി നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് മറ്റ് രണ്ട് യുവതിമാർ പ്രസവിച്ച കുഞ്ഞുങ്ങളുടെ വിൽപന നടന്നിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇതിൽ ഒരു സംഭവത്തിലാണ് ഇപ്പോൾ കോട്ടയം പൊലീസ് സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് തൊടുപുഴയിലേക്ക് കൈമാറിയിരിക്കുന്നത്.

തൊടുപുഴ സ്റ്റേഷൻ പരിധിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് രണ്ടാമത്തെ യുവതിയുടെ പ്രസവം നടന്നത്. ഈരാറ്റുപേട്ട കേസിലെ പ്രതി രാജനെയും മറ്റ് നാലു പേരെയും ചേർത്താണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടികളെ കേരളത്തിൽ തന്നെയാണ് വിൽപന നടത്തിയതെന്നാണ് വിവരം. ഈ കേസിലും ഇടനിലക്കാരിയായത് കൊല്ലം സ്വദേശിയായ അനീനയാണ്. ഇതരസംസ്ഥാനത്ത് നിന്നുള്ള കുട്ടികളെ വേണ്ടാത്ത യുവതികളെ സമൂഹമാധ്യമങ്ങളിലൂടെ കണ്ടെത്തും. തുടർന്ന് ഇവരുമായി നിരന്തരം ചാറ്റ് ചെയ്യുകയും കേരളത്തിലെത്തിക്കുകയും ചെയ്യും. നിലവിൽ ഈരാറ്റുപേട്ടയിലേത് അടക്കം മൂന്ന് കേസുകളാണ് അന്വേഷണ പരിധിയിലുള്ളത്.

ചില പ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവുമായി പിരിഞ്ഞ അസം സ്വദേശിയായ യുവതി ഇൻസ്റ്റഗ്രാമിൽ പ്രസവത്തിന് സഹായം തേടി പോസ്റ്റ് പങ്കുവയ്ക്കുകയും തുടർന്ന് പ്രതികൾ സഹായം വാഗ്ദാനം ചെയ്ത് ഇവരെ ബന്ധപ്പെടുകയുമായിരുന്നു. എന്നാൽ കുഞ്ഞിനെ വിൽക്കുന്ന കാര്യം യുവതിക്ക് അറിവില്ലായിരുന്നു. ഏഴ് മാസം ഗർഭിണിയായ യുവതിയും പ്രതികളും തമ്മിൽ ഇതേത്തുടർന്ന് വാക്കുതർക്കത്തിലായി. പിന്നാലെയാണ് യുവതി പൊലീസിനെ സമീപിക്കുന്നത്. തിരുനെൽവേലി സ്വദേശി രാജൻ, വാഗമൺ സ്വദേശി അർജുൻ എന്നിവർ നിലവിൽ കേസിൽ അറസ്റ്റിലായിട്ടുണ്ട്. രണ്ടാമത്തെ കേസിൽ അർജുന്റെ പങ്കുവ്യക്തമല്ല.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe