ലോട്ടറി തൊഴിലാളികൾക്ക് ഹാപ്പി ഓണം ; ഓണം ഉത്സവ ബത്ത 1000 രൂപ വർധിപ്പിച്ച് സർക്കാർ

news image
Jul 31, 2026, 12:55 pm GMT+0000 payyolionline.in

തിരുവനന്തപുരം: ലോട്ടറി തൊഴിലാളികൾക്ക് ഓണം ബത്ത വർധിപ്പിച്ച് സംസ്ഥാന സർക്കാർ. 1000 രൂപയാണ് ഉത്സവ ബത്തയായി വർധിപ്പിച്ചത്. 26,980 അംഗങ്ങൾക്കും 9,345 പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭ്യമാകും. ഇതിനായി സംസ്ഥാന സർക്കാർ 26.47 കോടി രൂപ അനുവദിച്ചു. ഏജന്റുമാർക്കും വിൽപ്പനക്കാർക്കും 8500 രൂപയും പെൻഷൻകാർക്ക് 3750 രൂപയും ലഭിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഏജന്റുമാർക്കും പെൻഷൻകാർക്കും ഒരുപോലെ തുക വർധിപ്പിക്കുന്നത്.

അതേസമയം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംമ്പർ 2026 ഭാഗ്യക്കുറി വിൽപ്പന ആരംഭിച്ചിട്ടുണ്ട്. വിൽപ്പന ആരംഭിച്ച ആദ്യ ദിവസം തന്നെ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം (2025) ആദ്യ ദിനത്തിൽ 3,17,850 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത് . ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ആദ്യ ദിനത്തിൽ തന്നെ 5,54,690 ടിക്കറ്റുകളുടെ വർധനവാണ് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വിൽപനയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത്.

ജനങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച സ്വീകരണവും വിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരും വിൽപ്പനക്കാരും നടത്തുന്ന സജീവ പ്രവർത്തനങ്ങളും വിൽപ്പന വർധിക്കാൻ സഹായകമായതായി വകുപ്പ് വിലയിരുത്തി.

വരും ദിവസങ്ങളിൽ തിരുവോണം ബംമ്പർ ടിക്കറ്റുകൾക്കുള്ള ആവശ്യകത കൂടുതൽ വർധിക്കുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്. പൊതുജനങ്ങൾ അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ മാത്രം ടിക്കറ്റുകൾ വാങ്ങണമെന്നും ടിക്കറ്റിന്റെ സുരക്ഷാ സവിശേഷതകളും ക്യു ആർ കോഡും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഡയറക്ടർ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe