കോഴിക്കോട്: കനത്ത മഴയെ തുടർന്ന് വീട്ടുമുറ്റത്ത് രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻ മരിച്ചു. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടി വീട്ടിൽ നൗഷാദിന്റെ മകൻ മാസിൻ നൗഷാദ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
കനത്ത മഴയിൽ റോഡിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം വീട്ടുമുറ്റത്ത് കെട്ടിനിന്നിരുന്നു. ഈ സമയം കുട്ടി മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ രാത്രി 10 മണിയോടെ മരിക്കുകയായിരുന്നു.
മാതാവ്: ഷംനത്ത്. സഹോദരങ്ങൾ: മിൻഹാദ് (പത്താം ക്ലാസ്, തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂൾ), മെഹറിൻ (രണ്ടാം ക്ലാസ്, കാപ്പാട് അലിഫ് സ്‌കൂൾ). മൃതദേഹം ഞായറാഴ്ച രാവിലെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
