‘വിചാരണ നീതിപൂർവ്വം നടക്കുമോ എന്ന് ആശങ്ക’; ഹൈക്കോടതിയെ സമീപിച്ച് കെ.എം. ബഷീറിന്റെ ഭാര്യ

news image
Aug 3, 2026, 11:42 am GMT+0000 payyolionline.in

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ചു മരിച്ച കേസിൽ വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ജസീല ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസ് നിലവിൽ മാറ്റിയ നടപടി പ്രതിഭാഗം അഭിഭാഷകന്റെ താൽപ്പര്യപ്രകാരമാണെന്നും, ഈ സാഹചര്യത്തിൽ വിചാരണ നീതിപൂർവ്വമായി നടക്കുമോ എന്നതിൽ വലിയ ആശങ്കയുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

​നേരത്തെ കേസ് പരിഗണിച്ചിരുന്ന സെഷൻസ് കോടതി ഒന്നിലേക്ക് തന്നെ വിചാരണ മാറ്റണമെന്നും നിലവിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്നും ബഷീറിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള പ്രോസിക്യൂട്ടർക്ക് ആവശ്യത്തിന് പരിചയസമ്പത്തില്ലെന്നും, അതിനാൽ കേസ് നടത്തുന്നതിനായി പ്രത്യേക സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. മുന്നറിയിപ്പൊന്നുമില്ലാതെ മുൻ പ്രോസിക്യൂട്ടർ കേസിൽ നിന്ന് ഒഴിഞ്ഞതു മുതൽ കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി കുടുംബത്തിന് ആശങ്കയുണ്ടായിരുന്നു.

​ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിനാസ്പദമായ സംഭവം നടക്കുന്നത് 2019 ഓഗസ്റ്റ് മൂന്നിനാണ്. പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് കെ.എം. ബഷീർ മരണപ്പെടുന്നത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു അപകടമുണ്ടാക്കിയ വാഹനം. അപകടസമയത്ത് വാഹനമോടിച്ചത് വഫയാണെന്ന് വരുത്തിത്തീർക്കാൻ ശ്രീറാമും പൊലീസും ആദ്യം ശ്രമിച്ചെങ്കിലും, ദൃക്‌സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ശക്തമായ ഇടപെടലിനെത്തുടർന്നാണ് ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് വണ്ടിയോടിച്ചതെന്ന് വ്യക്തമായതും കേസിൽ പ്രതിയായതും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe